ഏറെ ആസ്വാദകരമായി ഫൊക്കാന സാഹിത്യസമ്മേളനം: എഴുത്ത് ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

കോട്ടയം: മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള ഫൊക്കാനയുടെ ഇഴയടുപ്പം പ്രതിഫലിപ്പിക്കുന്നതായിരുന്നു കേരള കണ്‍വന്‍ഷന്റെ രണ്ടാം ദിവസത്തെ വിപുലമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള സാഹിത്യ സെമിനാര്‍. കുമരകം ഗോകുലം ഗ്രാന്റ് ഫൈവ്സ്റ്റാര്‍ റിസോര്‍ട്ടിലെ ശബരി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍, എഴുത്തിന്റെ സമസ്ത മേഖലയെയും സ്പര്‍ശിച്ചു. ‘മലയാള സാഹിത്യവും പുതിയ കാഴ്ചപ്പാടുകളും’ എന്നതായിരുന്നു പ്രതിപാദ്യ വിഷയം.

ഫൊക്കാനയും മലയാള സാഹിത്യവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും കഴിഞ്ഞ 42 വര്‍ഷമായി നമ്മുടെ തനതു സാഹിത്യ മേഖലയുമായുള്ള അഭേദ്യമായ ബന്ധം ഇന്നും തുടരുന്നുവെന്നും ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി പറഞ്ഞു. ഫൊക്കാനയിലൂടെ മലയാള സാഹിത്യവും എഴുത്തുകാരിലൂടെ ഫൊക്കാനയും പരസ്പരം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യം നമ്മുടെ ജീവിതത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും മാറ്റിവയ്ക്കാന്‍ പറ്റുന്ന ഒന്നല്ലെന്നും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്ത വിഖ്യാത ചലച്ചിത്രകാരന്‍ പത്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

കവിത, ഗദ്യം, ആഖ്യായിക, നോവല്‍, കഥ, ഓര്‍മ, യാത്ര, ശാസ്ത്രകൃതികള്‍ എന്നിങ്ങനെ മലയാള സാഹിത്യം വളരെ വിസ്തൃതിയില്‍ വളര്‍ന്നു. അതുകൊണ്ട് എഴുത്ത് റീഡബിളാവണം. പുതുമ നിറഞ്ഞതായിരിക്കണം, ഒറിജിനലായിരിക്കണം, എഴുത്തുകാര്‍ വായനക്കാരോട് ദയവുള്ളവരായിരിക്കണം. പുതിയ കാര്യങ്ങള്‍ പുതിയ രീതിയില്‍ സാധാരണക്കാര്‍ക്ക് ആസ്വാദ്യകരമായ വിധത്തില്‍ പറയണമെന്നു അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.സാഹിത്യ സൃഷ്ടിക്കുള്ള വിഷയങ്ങള്‍ കാലാകാലങ്ങളായി ഇവിടെയുള്ളതാണെന്നും അത് എങ്ങനെ ഏതു രീതിയില്‍ ഏത് സന്ദര്‍ഭത്തില്‍ അവതരിപ്പിക്കുന്നു എന്നതിനാണ് പ്രസക്തിയെന്നും മലയാള മനോരമയുടെ മുഖമായ ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

സാഹിത്യരചനയെന്നത് ഒരു തീര്‍ത്ഥാനടമാണ്. എന്നാല്‍ അതിന്റെ ആവിഷ്‌കാരത്തിന് സ്വീകരിക്കുന്ന വഴികള്‍ വ്യത്യസ്തവും. നവ സാക്ഷരര്‍ക്കായുള്ള പോപ്പുലര്‍ സാഹിത്യം, അതിനപ്പുറത്ത് ഉയര്‍ന്ന തലത്തിലുള്ള ചിന്തകള്‍ പ്രതിഫലിപ്പിക്കുന്ന ബൗദ്ധികസാഹിത്യം എന്നിങ്ങനെ രണ്ട് ധാരകള്‍ സജീവമാണ്. നല്ല മലയാളം എഴുതാനുള്ള ഉത്തരവാദിത്തം നമുക്ക് ഉണ്ട്. കാലാനുസൃതമായ ആഖ്യാശൈലി സ്വീകരിക്കണം. നാട്ടിലിരുന്ന് വായിക്കുന്നതിനേക്കാള്‍ തീവ്രമായാണ് അമേരിക്കയിലിരുന്ന് വായിക്കുന്നതെന്ന ബോധ്യം എനിക്കുണ്ടെന്നും ജോസ് പനച്ചിപ്പുറം പറഞ്ഞു.

മലയാള സാഹിത്യത്തിലുള്ള ചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നവരാണ് അമേരിക്കന്‍ മലയാളികളെന്ന് പ്രമുഖ കവയിത്രിയും പഴശ്ശിരാജയുടെ പിന്‍മുറക്കാരിയുമായ ഡോ. പ്രമീള ദേവി പറഞ്ഞു. ലോകസാഹിത്യത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. സാഹിത്യം മരിക്കുന്നുവെന്നത് പാഴ്‌വാക്കുകളാണ്. സാഹിത്യത്തിന് മരിക്കാനാവില്ല. അത് പുനരവതാരം കൊള്ളുകയാണ്. അതൊരു പുനരുജ്ജീവനമാണ്. മെച്ചപ്പെടുത്തലാണ്. സാഹിത്യത്തിന് എന്നും സമഗ്രമായ പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും ഡോ. പ്രമീള ദേവി പറഞ്ഞു.

2025-ലെ ഫൊക്കാന സാഹിത്യപുരസ്‌കാരങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിതരണം ചെയ്തു. ജി.ആര്‍ ഇന്ദുഗോപന്റെ ‘ആനോ’ (നോവല്‍), വര്‍ഗ്ഗീസ് അങ്കമാലിയുടെ ‘പടക്കം’ (കഥ), നാലപ്പാടം പത്മനാഭന്റ ‘കാവ്യപ്രകാശം’ (കവിത), വിജയകൃഷ്ണന്റെ ‘ശിവപുരത്തെ ശാന്തിക്കാരന്‍’ (ഓര്‍പ്പക്കുറിപ്പ്), എന്നിവയ്ക്കാണ് പുരസ്‌കാരം. ഐസക് ഈപ്പന്റെ ‘സെര്‍ട്ടോ ഏലിയോസ്’ (കഥ) പ്രത്യേക ജൂറി പുരസ്‌കാരം നേടി. യുവ എഴുത്തുകാര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം അഭിനാഷ് തുണ്ടുമണ്ണില്‍ രചിച്ച ‘പരന്ത്രീസ്‌കുഴല്‍’ (നോവല്‍), എന്‍.എസ്. സുമേഷ്‌കൃഷ്ണന്റെ ‘കരയാത്ത കടല്‍’ (കവിത), ഫെബിനയുടെ ‘സന്ധ്യ മുതല്‍ സന്ധ്യവരെ’ (ഓര്‍മക്കുറിപ്പ്) എന്നിവയ്ക്കും ജസീന റഹിം രചിച്ച ‘അത്രമേല്‍ ഒരു പെണ്ണില്‍’ (ഓര്‍മക്കുറിപ്പ്) പ്രത്യേക ജൂറി പുരസ്‌കാരവും നേടി.ചടങ്ങില്‍ അമേരിക്കന്‍ മലയാളി സാഹിത്യകാരി സരോജവര്‍ഗീസിന്റെ ‘കമലദളങ്ങള്‍’, ഡോ. ജി ശ്രീകുമാര്‍ മേനോന്റെ ‘ഡ്രഗ്‌സ് ആര്‍ നോട്ട് കാന്‍ഡീസ് ആന്റ് ചോക്ലേറ്റ്‌സ്’ എന്നീ കൃതികള്‍ പ്രകാശനം ചെയ്തു. ഫൊക്കാന പുരസ്‌കാരസമിതി ചെയര്‍മാന്‍ കെ.വി മോഹന്‍കുമാര്‍ പുരസ്‌കാര നിര്‍വഹണത്തെപ്പറ്റി വിശദീകരിച്ചു. 300 കൃതികളില്‍ നിന്നാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

More Stories from this section

family-dental
witywide