ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 8-ാം തീയതി ഹൂസ്റ്റണില്‍

എ.എസ് ശ്രീകുമാര്‍-ഫോമാ ന്യൂസ് ടീം

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ 9-ാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു കമ്മിറ്റി ഓഫീസ് സ്റ്റാഫോര്‍ഡില്‍ (525 Dulls Ave Stafford TX 77477-Nair Plaza) വരുന്ന 8-ന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. എട്ടാം തീയതി തിങ്കളാഴ്ച വൈകുന്നേരം 5.30-ന് നായര്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ ഓഫീസിന്റെ ഉദ്ഘാടനം ഫോമായുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ നിലവിളക്കു കൊളുത്തി നിര്‍വഹിക്കും.

2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ‘വിന്‍ഡം ഹൂസ്റ്റണ്‍’ ഹോട്ടലില്‍ അരങ്ങേറുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ സംബന്ധിച്ച അവലോകന യോഗങ്ങളും മറ്റ് പ്രോഗ്രാമുകളുടെ രൂപരേഖകള്‍ തയ്യാറാക്കുന്നതുമെല്ലാം ഈ കമ്മിറ്റി ഓഫീസില്‍ വച്ചായിരിക്കും. കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ക്ക് ഇതോടെ ഔദ്യോഗികമായി തുടക്കം കുറിക്കും.

വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ആഡംബര ഹോട്ടല്‍ സമുച്ചയമാണ് ‘വിന്‍ഡം ഹൂസ്റ്റണ്‍’. 2500 പേര്‍ക്ക് ഇരിക്കാവുന്ന തീയേറ്റര്‍ സൗകര്യമുള്ള ഹാള്‍, യുവജനങ്ങള്‍ക്കായി 700 പേരുടെ സീറ്റിങ് കപ്പാസിറ്റിയുള്ള കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയ്ക്ക് പുറമെ വിവിധ മീറ്റിങ്ങുകള്‍ക്കായി 12-ഓളം ഹാളുകളും 1000 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഏരിയയും, 1250 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ലോട്ടും നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്.

ഫോമയുടെ നൂറിലധികം അംഗസംഘടനകളില്‍ നിന്നുമായി 2500-ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന വിപുലമായ കണ്‍വന്‍ഷനാണ് പ്രതീക്ഷിക്കുന്നതെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു. കൂടാതെ, നാട്ടില്‍നിന്നും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ കണ്‍വന്‍ഷനില്‍ ഉണ്ടായിരിക്കും. വിപുലമായ കലാ-സാംസ്‌കാരിക പരിപാടികള്‍ കണ്‍വന്‍ഷന്‍ സായാഹ്നങ്ങള്‍ക്ക് കൊഴുപ്പേകും.

പുതിയ കമ്മിറ്റി ഓഫീസില്‍ സജീവ സാന്നിധ്യമറിയിച്ച് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്‍ ഒരു ചരിത്ര വിജയമാക്കാന്‍ ഏവരും ഒരേമനസോടെ പ്രവര്‍ത്തിക്കണമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Foma Family Convention Committee Office Inauguration on the 8th in Houston

More Stories from this section

family-dental
witywide