ഫോമയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം 18 ന് പിറവത്ത്

ഷോളി കുമ്പിളുവേലി (ഫോമ ന്യൂസ് ടീം)

ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ‘ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് (ഫോമ) ഒരുക്കുന്ന ജീവ കാരുണ്യ ചികിത്സാ സഹായ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ 18 ശനിയാഴ്ച. എറണാകുളം ജില്ലയിലെ പിറവം കൊച്ചുപള്ളി പാരിഷ് ഹാളില്‍ രാവിലെ 10 മണിക്കാണ് പരിപാടി.

പിറവം നഗരസഭാ പരിധിയില്‍ വരുന്ന ഏകദേശം 450 ഓളം കാന്‍സര്‍, കിഡ്‌നി, ഹൃദ് രോഗം, കിടപ്പുരോഗികള്‍ എന്നിവര്‍ക്കുള്ള ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണവും, ഫോമയുടെ നേതൃത്വത്തില്‍ 2025 ജൂലൈയില്‍ അമൃത ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ സഹകരിച്ച ‘വെല്‍ കെയര്‍’ നഴ്‌സിംഗ് കോളേജിലെ പതിനഞ്ചോളും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകളും, കൂടാതെ മെഡിക്കല്‍ ക്യാമ്പില്‍ സഹകരിച്ച പിറവം നഗരസഭയിലെ ആശാ വര്‍ക്കേഴ്‌സിനെയും ഫോമ ഇതേ വേദിയില്‍ ആദരിക്കുന്നു. 2025 ലെ ഏറ്റവും മികച്ച കര്‍ഷകനായി സംസ്ഥാന സര്‍ക്കാര്‍ തെരെഞ്ഞടുത്ത മോനു വര്‍ഗീസ് മാമനെയും, മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തകന്‍ ബേബി കാളിയംപറമ്പലിനെയും ആദരിക്കും.

കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന യോഗത്തില്‍, പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. പത്മശ്രീ ജോസ് ചാക്കോ പെരിയപ്പുറം മുഖ്യ പ്രഭാഷണം നടത്തും. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം, ഡയാലിസിസ് രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് എന്നിവയുടെ വിതരണം ‘കെ എം മാണി ബജറ്റ് റീസേര്‍ച്ച് സെന്റര്‍’ ചെയര്‍ പേഴ്‌സണ്‍ നിഷ ജോസ് കെ മാണി നിര്‍വഹിക്കും. മുന്‍ എം.എല്‍.എ മാരായ വി.ജെ പൗലോസ്, എം.ജെ ജേക്കബ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ ജൂലി സാബു, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി സലിം, കേരള ഹൈക്കോടതി മീഡിയേറ്റര്‍ അഡ്വ. ചിന്‍സി ഗോപകുമാര്‍, സംസ്ഥാന ഭഷ്യ സുരക്ഷ സമിതി അംഗം അഡ്വ കെ.എന്‍ സുഗതന്‍, റോട്ടറി ഇന്റര്‍നാഷണല്‍ ഗിഫ്റ്റ് ഓഫ് ലൈഫ് കോര്‍ഡിനേറ്റര്‍ ഡോ. എ.സി പീറ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.

പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് ‘ഫോമയുടെ’ സുഹൃത്തും, പിറവം മുന്‍ നഗരസഭാ ചെയര്‍മാനുമായ സാബു കെ ജേക്കബ് ആണ്. 2026 ജനുവരിയില്‍ കോട്ടയത്തുവച്ചു നടക്കുന്ന ഫോമയുടെ കേരളാ കണ്‍വെന്‍ഷനു മുന്നോടിയായി നടത്തപ്പെടുന്ന ഈ ജീവ കാരുണ്യ ചടങ്ങിലേക്ക് എവരെയും സ്വാഗതം ചെയ്യുന്നതായി ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു.

ഫോമ നടത്തിവരുന്ന നിരവധിയായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഫോമാ അംഗസംഘടനകളും പൊതുസമൂഹവും നല്‍കി വരുന്ന സഹായ -സഹകരണങ്ങള്‍ക്ക് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ നന്ദിയും കടപ്പാടും അറിയിച്ചു.

FOMAA Charity projects to be inaugurated in Piravam on October 18

More Stories from this section

family-dental
witywide