
മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്തുവന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. ഓഗസ്റ്റ് 20-ന് സെക്രട്ടറിയേറ്റിൽ നടന്ന ആംബുലൻസ് കൈമാറ്റ ചടങ്ങിനിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരുവരും ഒരുമിച്ചുനിൽക്കുന്ന ഫോട്ടോ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും, അത് എഡിറ്റ് ചെയ്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും വിശദീകരണം. എന്നാൽ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
നേരത്തെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെതിരെ പോലീസ് കേസെടുത്തിരുന്നു. ചിത്രം എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും കലാപാഹ്വാനത്തിന് ശ്രമിച്ചുവെന്നും ആരോപിച്ചാണ് ചേവായൂർ പോലീസ് കേസെടുത്തത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ചിത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയും പ്രതിയും വേദി പങ്കിടുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത്.
ആധികാരികത ഉറപ്പുവരുത്തിയ ശേഷമാണ് ചിത്രം പങ്കുവെച്ചതെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്നും എൻ. സുബ്രഹ്മണ്യൻ പ്രതികരിച്ചു. കൂടുതൽ വ്യക്തതയുള്ള ചിത്രം നൽകാനാണ് ഒരു ഫോട്ടോ പിൻവലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതിയുമായി മുഖ്യമന്ത്രിക്ക് ഇത്ര അടുത്ത ബന്ധം എങ്ങനെ ഉണ്ടായെന്ന ചോദ്യം പ്രതിപക്ഷം ശക്തമായി ഉയർത്തുന്നുണ്ട്.














