ഫുട്ബോൾ ഇതിഹാസം താരം ലയണൽ മെസി ഹൈദരാബാദിലെത്തി; ആർപ്പുവിളികളോടെ ആരാധകർ

ഹൈദരാബാദ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഗോട്ട് ടൂറിൻ്റെ ഭാഗമായി ഹൈദരാബാദിലെത്തി. മെസിയെയും സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരെയും താജ് ഫലക്സുമ പാലസിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സ്വീകരിച്ചു. ശനിയാഴ്‌ച രാത്രി 7.50-ഓടെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിച്ച പ്രദർശന മത്സരത്തോടെയാണ് ഹൈദരാബാദിലെ പരിപാടികൾക്ക് തുടക്കമായത്.

സ്റ്റേഡിയത്തിലെത്തിയ മെസിയെ ആർപ്പുവിളികളോടെ ആരാധകർ വരവേറ്റു. പ്രദർശന മത്സരത്തിന് മുന്നോടിയായി കളിക്കാർക്ക് ഹസ്തദാനം നൽകിയ മെസി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പന്തുതട്ടി. ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും ഒപ്പം പങ്കുചേർന്നു. ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കാനെത്തി. മെസിയുടെ കരിയറിലെ നേട്ടങ്ങൾ അടയാളപ്പെടുത്തിക്കൊണ്ടുള്ള സംഗീത നിശയോടെയാണ് ഹൈദരാബാദിലെ പരിപാടി സമാപിക്കുക.

മൂന്നു ദിവസത്തെ പര്യടനത്തിനായി ശനിയാഴ്‌ച പുലർച്ചെ 2.30-നാണ് മെസി ഇന്ത്യയിലെത്തിയത്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നീ നാല് നഗരങ്ങളാണ് ടൂറിൻ്റെ ഭാഗമായി സന്ദർശിക്കുന്നത്. ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി ആദ്യദിനം കൊൽക്കത്തയിലെത്തിയ മെസിക്കായി കാത്തിരുന്ന കാണികൾക്ക് നിരാശയായിരുന്നു ഫലം. അധികസമയം ഗ്രൗണ്ടിൽ മെസി ചെലവഴിച്ചിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കനത്ത സുരക്ഷാ വലയത്തിലുമായിരുന്നു മെസി ഗ്രൗണ്ടിൽ നിന്നത്. ഇതോടെ ഗാലറിയിൽ ടിക്കറ്റെടുത്ത് മെസിയെ കാണാൻ കാത്തിരുന്നവർക്ക് ശരിയാംവിധം കാണാനായില്ല. പ്രകോപിതരായ കാണികൾ സ്റ്റേഡിയത്തിലെ കസേരകൾ തല്ലിത്തകർക്കുകയും ഗ്രൗണ്ടിലേക്ക് കുപ്പി അടക്കമുള്ള മാലിന്യങ്ങൾ എറിയുകയും ചെയ്തു.

അതേസമയം കൊൽക്കത്തയിലെ പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ട് ഗോട്ട് ടൂർ ഇന്ത്യയുടെ മുഖ്യസംഘാടകനും പ്രൊമോട്ടറുമായ സതാദ്രു ദത്തയെ പശ്ചിമബംഗാൾ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദത്തയെ അറസ്റ്റുചെയ്തതായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ജാവേദ് ഷാമിം അറിയിച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മെസിയോടും കായികപ്രേമികളോടും മാപ്പ് ചോദിക്കുകയും ചെയ്‌തിരുന്നു. മാനേജ്മെന്റ് വീഴ്ച കണ്ട് ഞെട്ടിയെന്നും സംഭവത്തെക്കുറിച്ച് മുൻ ജഡ്‌ജി അസിം കുമാർ റേയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മമത അറിയിച്ചു.

Football legend Lionel Messi arrived in Hyderabad

More Stories from this section

family-dental
witywide