
ന്യൂഡൽഹി : ലോക ഫുട്ബോൾ ആരാധകരുടെ ഇതിഹാസ താരമായ ലയണൽ മെസ്സി ഇന്നു രാത്രി ഇന്ത്യയിൽ എത്തും. ‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി’ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഗോട്ട് ഇന്ത്യ ടൂർ 2025’ പരിപാടിക്കായാണ് മെസ്സിയുടെ വരവ്. മൂന്നു ദിവസത്തെ സന്ദർശനത്തിന് താരത്തിനൊപ്പം അർജന്റീന താരം റോഡ്രി ഗോ ഡിപോൾ, യുറഗ്വായുടെ ലൂയി സ്വാരെസ് എന്നിവരുമുണ്ടാകും.
ദുബായിൽനിന്നെത്തുന്ന മെസ്സി ഇന്ന് അർധരാത്രിയോടെയാകും കൊൽക്കത്തയിൽ വിമാനമിറങ്ങുക. മെസ്സി നാളെ രാവിലെ ആരാധകരുമായുള്ള മുഖാമുഖത്തോടെയാണ് ഇന്ത്യയിലെ പരിപാടികൾക്കു തുടക്കമാകുക. കൊൽക്കത്ത ശ്രീഭൂമി സ്പോർടിങ് ക്ലബ് നിർമിച്ച മെസ്സി പ്രതിമ ലയണൽ മെസ്സി അനാവരണം ചെയ്യും. എന്നാൽ നേരിട്ടെത്തിയല്ല, ഹോട്ടൽമുറിയിൽ നിന്ന് വെർച്വലായിട്ടായിരിക്കും താരം അനാവരണച്ചടങ്ങ് നിർവഹിക്കുക. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി പൊലീസ് മുന്നറിയിപ്പ് നൽകിയതിനാലാണ് മെസ്സി ഇവിടേക്ക് നേരിട്ട് എത്താത്തത്. വിക്ടോറിയ സ്മാരകത്തിനു സമീപത്തെ താജ് ബംഗാൾ ഹോട്ടലിലാണു മെസ്സിയുടെയും സംഘത്തിൻ്റെയും താമസം. നാളെ ഉച്ചകഴിഞ്ഞ് ഹൈദാരാബാദിലേക്കു പോകുന്ന മെസ്സി അവിടെ പ്രദർശന മത്സരം കളിക്കും.
ഞായറാഴ്ച മുംബൈയിലെ പരിപാടികൾക്കു ശേഷം 15ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ പൊതു പരിപാടിയിലും അദ്ദേഹം ഭാഗമാകും.
Football legend Lionel Messi will arrive in India tonight.













