
സംസ്ഥാനത്തെ പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന നമ്പർ 112 ആയി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുകയും അതിവേഗ പ്രതികരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ വേർഷൻ ഇ ആർ എസ് എസ് നിലവിൽ വരുന്നതോടെ നിലവിലുള്ളതിനേക്കാളും മൂന്ന് മിനിറ്റോളം സമയം റെസ്പോൺസ് ടൈമിൽ കുറവ് വരുത്താൻ കഴിയും. പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു.
പരിഷ്കരിച്ച ERSS ന്റെ സവിശേഷതകൾ
a) നിലവിൽ പൊതു ജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള ആശയവിനിമയ സംവിധാനങ്ങളായ Call , SoS , SMS , ഇമെയിൽ സംവിധാനങ്ങൾക്ക് പുറമെ whatsapp , Web request , chat Bot എന്നിവ മുഖേനയും പരാതികൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യവും പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
b) LBS (Location Based Service), ELS (Emergency Location Service) സംവിധാനം ഉപയോഗിച്ച് പരാതിക്കാരൻ പറയാതെ തന്നെ അദ്ദേഹത്തിന്റെ ലൊക്കേഷൻ തത്സമയം തിരിച്ചറിയാൻ കഴിയുകയും അതുവഴി എത്രയും വേഗം പോലീസ് സഹായം നൽകാൻ സാധിക്കുകയും ചെയ്യും.
c) തടസ്സമില്ലാതെ ആശയ വിനിമയം നടത്തുന്നതിനായി മുഴുവൻ പോലീസ് വാഹനങ്ങളിലും ടാബ് ലെറ്റ് കമ്പ്യൂട്ടർ , മൊബൈൽ ഫോൺ , ജി പി എസ് സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
d) അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവരെ അറിയിക്കുന്നതിനും നിർണായക സാഹചര്യങ്ങളിൽ വേഗത്തിൽ സഹായം സാധ്യമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന IoT സുരക്ഷാ ഉപകരണങ്ങൾ ERSS സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുവാൻ സാധിക്കുന്നതാണ്.
e) മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്നതിനും ആവശ്യമെങ്കിൽ ലഭിച്ച പരാതികൾ മറ്റു സംസ്ഥാനത്തേക്കു കൈമാറുവാനും സാധിക്കും.
f) 112 ഇന്ത്യ ആപ്ലിക്കേഷൻ മുഖാന്തിരം ലഭ്യമാക്കിയിരിക്കുന്ന TRACK ME സംവിധാനം ഉപയോഗിച്ച് പോലീസുമായി നിരന്തരം ബന്ധപ്പെടാവുന്നതും ആവശ്യഘട്ടത്തിൽ പോലീസ് സേവനം ഉറപ്പു വരുത്താവുന്നതുമാണ്. ഇതിനായി 112 ഇന്ത്യ ആപ്പ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
യാത്ര പോകുന്ന അവസരത്തിലും ഒറ്റക്ക് ആയിരിക്കുമ്പോഴുള്ള സാഹചര്യത്തിലും പൊതു ജനങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാവുന്നതാണ്.
കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും.
ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം.
മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താം.