
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനവും നിർബന്ധിത ഗർഭഛിദ്രവും ആരോപിച്ച് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരാതി നൽകിയ യുവതിയുടെ വിശദമായ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഒന്നരമണിക്കൂറിലേറെ നീണ്ട മൊഴിയെടുപ്പിൽ യുവതി രാഹുലിനെതിരായ ആരോപണങ്ങൾളിൽ തെളിവുകൾ നിരത്തിയെന്നാണ് വിവരം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീഡിയോ കോളിലൂടെ രാഹുൽ നിർബന്ധിച്ച് ഗർഭഛിദ്ര മരുന്ന് കഴിപ്പിച്ചു, തുടർന്ന് മൂന്ന് ദിവസത്തോളം കനത്ത രക്തസ്രാവം ഉണ്ടായി, ജീവന് തന്നെ അപകടം നേരിട്ടുവെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകിയെന്നതടക്കമുള്ള കാര്യങ്ങളാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.
പരാതിക്കാരിയുടേതെന്ന് കരുതുന്ന പുതിയ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. അതിൽ യുവതി വിശദമായി പറയുന്നത് “അവൻ നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചു, രക്തം നിന്നില്ല, ഡോക്ടർ പറഞ്ഞു ഇനി ഒരിക്കലും ഗർഭം ധരിക്കാൻ സാധ്യത കുറവാണെന്ന്” എന്നാണ്. ക്രൈംബ്രാഞ്ച് ഈ ഓഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണ്. മൊഴി പൂർത്തിയായ സാഹചര്യത്തിൽ ഇന്നുതന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും.
അറസ്റ്റ് ഉറപ്പായതോടെ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിനുള്ള നീക്കം തുടങ്ങി. പ്രമുഖ അഭിഭാഷകരുമായി ചർച്ച നടത്തിയതായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആണ്. പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടിക്കിടക്കുന്നു. മുഖ്യമന്ത്രി പരാതി കൈമാറിയതിന് പിന്നാലെ കേസ് അതിവേഗം അന്വേഷിക്കാനുള്ള നിർദേശം ഡിജിപി നൽകിക്കഴിഞ്ഞു. തിരുവനന്തപുരം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശനനാണ് അന്വേഷണച്ചുമതല. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. അതേസമയം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താലുടന്‍ മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം. ഇതിനായി അഭിഭാഷകരുമായി കൂടിയാലോചന നടത്തിയെന്നാണ് വിവരം.













