ന്യൂഡൽഹി: താരിഫ് സംഘർഷത്തെ തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിൽ നില നിൽക്കുന്ന ശീതസമര സാഹചര്യത്തിൽ ഈ മാസം അവസാനം ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പകരം വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഐക്യരാഷ്ട്ര സഭാ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നവരുടെ താത്കാലിക പട്ടികയിൽ ഇടംപിടിച്ചിരുന്നു. എന്നാൽ പുതുക്കിയ പട്ടിക പ്രകാരം ഇന്ത്യയെ ഒരു മന്ത്രി പ്രതിനിധീകരിക്കുമെന്നാണ് റിപ്പോർട്ട്. ജൂലായിൽ പുറത്തിറക്കിയ പ്രാസംഗികരുടെ മുൻ താൽക്കാലിക പട്ടിക പ്രകാരം, പ്രധാനമന്ത്രി മോദി സെപ്റ്റംബർ 26-ന് പൊതുചർച്ചയെ അഭിസംബോധന ചെയ്യേണ്ടതായിരുന്നു.
യുഎൻ സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെപ്റ്റംബർ 23 നാണ് ലോക നേതാക്കളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുക. രണ്ടാം തവണ യുഎസ് പ്രസിഡന്റായ ശേഷം ട്രംപിൻ്റെ ആദ്യ യുഎൻ പ്രസംഗമാണിത്. സെപ്റ്റംബർ 26-ന് യുഎൻ പൊതുസഭയിലെ പൊതുചർച്ചയെ ഇസ്രായേൽ, ചൈന, പാകിസ്‌താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാർ അഭിസംബോധന ചെയ്യും. യുഎൻ പൊതുസഭയുടെ 80-ാം സമ്മേളനത്തിലെ ഉന്നതതല പൊതുചർച്ച സെപ്റ്റംബർ 23 മുതൽ 29 വരെയാണ് നടക്കുക.











