കോഴിക്കോട്: കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജനും പ്രശസ്ത മെഡിക്കോ-ലീഗൽ വിദഗ്ധയുമായിരുന്ന ഡോ. ഷെർലി വാസു (68) അന്തരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.
കേരള പോലീസിൻ്റെ മെഡിക്കോ-ലീഗൽ ഉപദേഷ്ടാവ്, കേരള മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഡോ. ഷെർലി വാസു. സംസ്ഥാനത്തെ നിരവധി പ്രമാദമായ കേസുകളിൽ നിർണായകമായ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ അവരുടെ ഫോറൻസിക് വൈദഗ്ദ്ധ്യം പോലീസിനെ സഹായിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം വകുപ്പ് മുൻ മേധാവിയായ ഷെർലി നിലവിൽ കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുകയായിരുന്നു. ട്രെയിനിൽ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഉൾപ്പെടെ നിരവധി കേസുകൾ പരിശോധിച്ചത് ഷെർലി വാസുവായിരുന്നു. നൂറുകണക്കിന് വിദ്യാർത്ഥികളെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ പഠിപ്പിക്കുകയും ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളജിൽ 1982 ൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ച ഷേർലി 1984ൽ ഫോറൻസിക് മെഡിസിനിൽ എംഡി ബിരുദം നേടി. കോട്ടയം മെഡിക്കൽ കോളജിൽ അസി.പ്രഫസർ, അസോ. പ്രൊഫസർ പദവികൾ വഹിച്ചു. 1997 മുതൽ 1999ൽ പരിയാരം മെഡിക്കൽ കോളജിൽ ഡപ്യൂട്ടേഷനിൽ പ്രൊഫസറായി. വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിൽ അസോ. പ്രൊഫസറായിയെത്തി. 2010ൽ തൃശൂർ മെഡിക്കൽ കോളജിലെത്തി. 2012 വരെ ഫോറൻസിക് വിഭാഗം മേധാവിയായി. 2014ൽ പ്രിൻസിപ്പലായി.
ഫോറന്‍സിക് മേഖലയില്‍ 35 വര്‍ഷത്തെ പരിചയമുള്ള ഷെര്‍ലി കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ആയിരക്കണക്കിന് കേസുകൾ കൈകാര്യം ചെയ്തു. നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഷെർലി നിരവധി ദേശീയ-അന്തര്‍ദേശീയ മാസികകളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ കേരള സർക്കാരിൻ്റെ സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചു. ‘പോസ്റ്റ്മോർട്ടം ടേബിൾ’ പ്രധാന കൃതിയാണ്. ഡോ. കെ. ബാലകൃഷ്ണനാണ് ഭർത്താവ്. മക്കൾ നന്ദന, നിതിൻ















