
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) അധ്യക്ഷയുമായ ഖാലിദ സിയ (80) അന്തരിച്ചു. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 6 മണിയോടെ ധാക്കയിലെ എവർകെയർ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാൽ ദീർഘകാലമായി അവർ ചികിത്സയിലായിരുന്നു. നവംബർ 23 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവരുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു.
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയ, മൂന്ന് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും അവർ പ്രധാനമന്ത്രി പദം അലങ്കരിച്ചു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) ചെയർപേഴ്‌സണായിരുന്നു. മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെ വിയോഗത്തിന് പിന്നാലെയാണ് അവർ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. രാജ്യത്തെ പ്രസിഡൻഷ്യൽ ഭരണരീതിയിൽ നിന്നും പാർലമെന്ററി ജനാധിപത്യത്തിലേക്ക് മാറ്റുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു. സൈനിക ഭരണാധികാരിയായിരുന്ന എച്ച്.എം. ഇർഷാദിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് അവർ നേതൃത്വം നൽകി.
അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2018-ൽ ജയിലിലായ അവർ പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ ശിക്ഷ മരവിപ്പിക്കപ്പെട്ടതിനെത്തുടർന്ന് വീട്ടുതടങ്കലിലായിരുന്നു. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ രാജിവെച്ച് പലായനം ചെയ്തതിന് പിന്നാലെ അവർ പൂർണ്ണമായും ജയിൽ മോചിതയായി. 2025-ൽ ബംഗ്ലാദേശ് സുപ്രീം കോടതി അവരെ എല്ലാ കേസുകളിൽ നിന്നും കുറ്റവിമുക്തയാക്കിയിരുന്നു.
Former Bangladesh Prime Minister Khaleda Zia has passed away.















