
കാഠ്മണ്ഡു : സമൂഹ മാധ്യമ നിരോധനവുമായി ബന്ധപ്പെട്ട് ആളിക്കത്തിയ ജെന്‍ സി പ്രതിഷേധങ്ങളെ തുടര്‍ന്ന് കെ.പി ശര്‍മ്മ ഒലി രാജിവച്ചതിനെത്തുടര്‍ന്ന് നേപ്പാളിന്റെ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാന്‍ സാധ്യതയേറി. ഇക്കാര്യത്തില്‍ ഏതാണ്ട് തീരുമാനമായെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ‘സുശീല കര്‍ക്കിയെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയമിക്കും,’ പ്രസിഡന്റ് രാമചന്ദ്ര പൗഡലും സൈനിക മേധാവി അശോക് രാജ് സിഗ്ഡലും വ്യക്തമാക്കിയതായി ഭരണഘടനാ വിദഗ്ദ്ധനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിനെച്ചൊല്ലി തിങ്കളാഴ്ച നേപ്പാളില്‍ പൊട്ടിപ്പുറപ്പെട്ട വ്യാപകമായ പ്രതിഷേധം അക്രമാസക്തമാവുകയും കുറഞ്ഞത് 31 പേരുടെ മരണത്തിനും 1,033-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും, പ്രതിഷേധങ്ങള്‍ പൂര്‍ണ്ണ തോതിലുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രകടനമായി മാറിയതോടെ പ്രക്ഷോഭം തുടര്‍ന്നു. സമ്മര്‍ദ്ദം ഏറിയതോടെ ഫലമായി കെ.പി ശര്‍മ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയും പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും നിയമസഭാംഗങ്ങളുടെ വസതികളും അഗ്നിക്കിരയാക്കുകയും ചെയ്തു.
2017-ല്‍ അന്നത്തെ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ ‘പ്രചണ്ഡയും എംപിമാരും വിരമിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത കര്‍ക്കിയെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതിഷേധക്കാര്‍ നിര്‍ദേശിച്ചത്.
രാവിലെ പ്രസിഡന്റ് രാമചന്ദ്ര പൗഡലിന്റെ വസതിയില്‍ നടക്കുന്ന യോഗത്തിന് ശേഷം സുശീല കര്‍ക്കിയെ നിയമിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ വിവരം.