
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. അംഗമായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ.രാജുവും സത്യപ്രതിജ്ഞ ചെയ്തു. പി.ഡി.സന്തോഷ്‌കുമാര്‍ ആണ് മൂന്നാമത്തെ അംഗം.
ദേവനെ പരിരക്ഷിക്കുന്ന ബോര്‍ഡാണ് ദേവസ്വം ബോര്‍ഡ് എന്ന അഭിമാനമാണ് ഭക്തര്‍ക്കുണ്ടായിരുന്നത്. അത് തിരിച്ചുപിടിക്കും. ഭഗവാന്റെ സ്വത്ത് നഷ്ടപ്പെടുന്നില്ലെന്നും ഭക്തര്‍ സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ ഭദ്രമാണെന്നും ഉറപ്പാക്കും. വിശ്വാസം വൃണപ്പെടാന്‍ തക്ക ഒരു നടപടിയും ഈ ഭരണസമിതി അനുവദിക്കില്ലെന്നും ജയകുമാര്‍ പറഞ്ഞു.
താന്‍ പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നത് ഏറെ നിര്‍ണായകമായ സമയത്താണെന്നും, നിലവിലെ വിവാദങ്ങളുടെ പേരില്‍ ബോര്‍ഡിന്റെ വിശ്വാസ്യതയ്ക്കു ഭംഗം വന്നിട്ടുണ്ടെങ്കില്‍ അത്തരം സാഹചര്യം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും ജയകുമാര്‍ പറഞ്ഞു. മോശമായ കാര്യങ്ങള്‍ അവിടെ നടക്കാന്‍ ഇടയായതിന് കാരണമായത് നടപടിക്രമങ്ങളിലെ പഴുതുകളാണെന്നും അദ്ദേഹം ചൂണ്ടാക്കാട്ടി.
പ്രസിഡന്‍റായിരുന്ന പി. എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങൾക്കിടെ യാത്രയയപ്പ് സമ്മേളനവും ഒഴിവാക്കി. ചീഫ് സെക്രട്ടറിയായിരുന്ന കെ.ജയകുമാർ വിരമിച്ച ശേഷം അഞ്ച് വർഷം മലയാളം സർവകലാശാല വിസിയായിരുന്നു. നിലവിൽ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി.
Former Chief Secretary K Jayakumar sworn in as the new president of the Travancore Devaswom Board










