ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. എ പത്മകുമാറിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്ന എന്‍ വിജയകുമാറിൻ്റെയും കെപി ശങ്കര്‍ദാസിൻ്റും അറസ്റ്റ് നടത്താത്തതിനെതിരെ ഹൈക്കോടതി ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. തുടർന്ന് എസ്‌ഐടിയുടെ കൂടിയാലോചനയ്ക്ക് ശേഷമാണ് നടപടി.
2019ലെ ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസ്, എന്‍ വിജയകുമാര്‍ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവര്‍ക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു. മറ്റ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ഇരുവരെയും മുന്‍പ് എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.അതേസമയം, താന്‍ ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് പത്മകുമാര്‍ തനിയെയെന്നും വിജയകുമാര്‍ പ്രതികരിച്ചു.
സമ്മര്‍ദ്ദം താങ്ങാനായില്ലെന്നും വിജയകുമാര്‍ പറഞ്ഞു. കുടുംബമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. മുന്‍കൂര്‍ ജാമ്യ അപേക്ഷ പിന്‍വലിച്ച ശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തുകയായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു.
കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ അറസ്റ്റ് സാധ്യത മുന്‍കൂട്ടി കണ്ട് ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് വിജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളികള്‍ കൈമാറിയ നടപടിയില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് മുന്‍ പ്രസിഡന്റ് എ. പത്മകുമാറും മൊഴി നല്‍കിയിരുന്നു.
Former Devaswom Board member N Vijayakumar arrested in Sabarimala gold theft case












