
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി. കേരളാ കോൺഗ്രസ് മുൻ നേതാവായ ഇദ്ദേഹം നിലമ്പൂർ സ്വദേശിയാണ്. നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.
കഴിഞ്ഞ 47 വർഷമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് താനെന്ന് മോഹൻ ജോർജ് പ്രതികരിച്ചു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് അഭിപ്രായം ചോദിച്ചത്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് സ്ഥാനാർഥിത്വത്തെക്കുറിച്ച് അറിയുന്നത്. ബിജെപി നല്ല മുന്നേറ്റം നടത്തുമെന്നും മോഹൻ ജോർജ് പറഞ്ഞു.
സൗഹൃദ ബന്ധങ്ങളാണ് ബിജെപിയിലേക്ക് എത്തിച്ചതെന്നും മോഹൻ ജോർജ് കൂട്ടിച്ചേർത്തു. മാണിവിഭാഗത്തിലായിരുന്നു തുടങ്ങിയത്.കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേരളാ കോൺഗ്രസിന് മലപ്പുറത്ത് സജീവ പ്രവർത്തനമില്ല. ഏഴ്വർഷം കേരളാ കോൺഗ്രസ് ബി-യുടെ മലപ്പുറം ജില്ലാ അധ്യക്ഷനായിരുന്നു.
നേരത്തേ നിലമ്പൂരിൽ മത്സരിക്കേണ്ടതില്ല എന്ന തരത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതിൽ പാർട്ടിക്കുള്ളിൽ വിമർശനങ്ങളും ഉയർന്നിരുന്നു. പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നൽകേണ്ട അവസാന തീയതി.
Former Kerala Congress leader Mohan George is BJP candidate in Nilambur














