കോട്ടയം: കേരള കോൺഗ്രസ് നേതാവും മുന്‍ കോട്ടയം കടുത്തുരുത്തി എംഎല്‍എയുമായി പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3.30 നായിരുന്നു അന്ത്യം. ഭൗതികശരീരം കടുത്തുരുത്തി അരുണാശ്ശേരിയിലെ വസതിയിൽ ഇന്ന് വൈകീട്ട് എത്തിക്കും. നാളെ മൂന്നുമണിക്ക് വസതിയിലെ സംസ്കാരശുശ്രൂഷയ്ക്ക് ശേഷം കടുത്തുരുത്തി സെൻ്റ് മേരീസ് താഴത്ത് പള്ളിയിൽ സംസ്കരിക്കും.
1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. 91 ലാണ് കടുത്തുരുത്തിയിൽ നിന്ന് പി.എം. മാത്യു ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദീർഘകാലം കെ.എം. മാണിയോടൊപ്പം ചേർന്നുനിന്ന പി.എം.മാത്യു പിന്നീട് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലേക്ക് മാറി. വീണ്ടും കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചെത്തിയെങ്കിലും സജീവമല്ലായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വേദിയിൽ എത്തി.
നിയമസഭയിലെ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി, കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍, റബ്ബര്‍ മാര്‍ക്ക് വൈസ് പ്രസിഡന്റ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ചെയര്‍മാന്‍, കേരള സര്‍വ്വകലാശാല സെനറ്റ് അംഗം, കെ. എസ് സി പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു. ഭാര്യ കുസുമം മാത്യൂ.
Former MLA PM Mathew passed away












