
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ എം എൽ എ പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിയോടുള്ള അതൃപ്തി പരസ്യമാക്കിയ അൻവർ, താൻ നിർദേശിച്ചത് ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെ പേരാണെന്നും വ്യക്തമാക്കി. താൻ മത്സരിക്കുന്നതിൽ തീരുമാനം 48 മണിക്കൂറിനകം ഉണ്ടാകുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
‘ഗോഡ്ഫാദർ ഇല്ലാത്തതിനാലാണ് ജോയ് തഴയപ്പെട്ടത്. ആരെയും സ്ഥാനാർഥിയാക്കാം എന്നല്ല പറഞ്ഞത്. ജയിക്കാൻ കഴിയുന്ന ആളെ സ്ഥാനാർഥിയാക്കണം എന്നാണ് പറഞ്ഞത്. ഷൗക്കത്തിനെ കുറിച്ച് നിലമ്പൂർ ജനതയ്ക്കുള്ള അഭിപ്രായം തനിക്കറിയാം. അതുകൊണ്ടാണ് ഷൗക്കത്തിന് പരിഗണിക്കുന്നത് ആലോചിച്ച് വേണമെന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ പഠിക്കാൻ രണ്ട് ദിവസം വേണം. ജനങ്ങളുമായി സംസാരിച്ച് നിലപാട് സ്വീകരിക്കും’- പി വി അൻവർ പറഞ്ഞു.
അൻവറിന്റെ എതിർപ്പിനെ അവഗണിച്ചാണ് അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിൽ അൻവർ ഫാക്ടർ പ്രവർത്തിക്കുമെന്നു തട്ടിവിട്ട യുഡിഎഫ് നേതാക്കൾ സ്ഥാനാർഥി പ്രഖ്യാപനത്തിൽ അൻവറിനെ തള്ളി.ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ തുടക്കം മുതൽ അൻവർ എതിരായിരുന്നു. ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കായാണ് അൻവർ പരസ്യമായി രംഗത്തെത്തിയത്.