
വാഷിങ്ടന്‍: ഇരട്ടത്തീരുവയില്‍ ഇന്ത്യയുമായി വ്യാപാര സംഘര്‍ഷം സൃഷ്ടിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വര്‍ഷങ്ങളായി നടത്തിയ പ്രയത്‌നത്തെ തകര്‍ക്കുന്ന നയമാണ് ട്രംപിന്റേതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഇന്ത്യയെ ചൈനയുമായി അടുപ്പിക്കുകയാണ് ട്രംപ് ചെയ്തതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിന്റെ നികുതി നയം കാരണം ഇന്ത്യ ചൈനയോടൊപ്പം ചേര്‍ന്നു യുഎസിനെതിരെ തിരിയുന്ന സാഹചര്യമാണ്. യുഎസിനെ മറ്റു രാഷ്ട്രങ്ങള്‍ വിശ്വസ്തതയോടെ കണ്ടിരുന്ന മുന്‍കാലത്തെ അപേക്ഷിച്ച് ഇന്ന് യുഎസിനെ വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമായും തടസ്സക്കാരനുമായാണ് മറ്റുള്ളവര്‍ കാണുന്നത്. മറ്റു രാജ്യങ്ങളിലെ നേതാക്കള്‍ യുഎസിനെ കുറിച്ച് പരിഹാസത്തോടെയാണ് സംസാരിക്കുന്നത്. ആഗോളതലത്തില്‍ അമേരിക്ക എന്ന ബ്രാന്‍ഡിന്റെ വില ഇടിഞ്ഞെന്നും സള്ളിവന്‍ വിമര്‍ശിച്ചു.