
കൽപ്പറ്റ: യു ഡി എഫ് മുന്നണിയിലേക്കെടുക്കാനുള്ള നീക്കം സജീവമാക്കി തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. വയനാട്ടിൽ മലയോര ജാഥ നടത്തുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നേരിൽ കണ്ട് മുൻ നിലമ്പൂർ എം എൽ എ കൂടിക്കാഴ്ച നടത്തി. മാനന്തവാടിയിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. പ്രതിപക്ഷ നേതാവിന്റെ മലയോര ജാഥയിൽ സഹകരിപ്പിക്കണമെന്ന ആവശ്യമാണ് അൻവർ അറിയിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ യു ഡി എഫിലും പാർട്ടിയിലും ചർച്ച ചെയ്ത ശേഷമേ തീരുമാനം എടുക്കാനാകു എന്നാണ് സതീശൻ വ്യക്തമാക്കിയത്. മുന്നണിയിലെയും പാർട്ടിയിലെയും ചർച്ചക്ക് ശേഷം തീരുമാനം അറിയിക്കാമെന്നും പ്രതിപക്ഷ നേതാവ് മറുപടി നൽകി. പ്രതിപക്ഷ നേതാവിന്റെ യാത്ര മലപ്പുറത്തേക്ക് എത്താനിരിക്കെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ഇന്ന് രാത്രി നേതാക്കൾ തമ്മിൽ കൂടിയാലോചന നടത്തിയ ശേഷം, അൻവറിനെ യാത്രയിൽ സഹകരിപ്പിക്കുന്ന കാര്യത്തിൽ നാളെയോടെ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.