
കൊച്ചി : ഭൂട്ടാനില്‍ നിന്ന് ആഡംബര വാഹനങ്ങള്‍ ഇന്ത്യയിലെത്തിച്ച് കേരളത്തിലടക്കം വില്‍ക്കുന്ന സംഭവത്തിലെ മുഖ്യകണ്ണിയെ തിരിച്ചറിഞ്ഞ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഭൂട്ടാനില്‍ നിന്നുമാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നു മോഷ്ടിച്ചതടക്കമുള്ള ആഡംബര കാറുകള്‍ വ്യാജ ഉടമസ്ഥതാ രേഖകളുണ്ടാക്കി ഭൂട്ടാന്‍ വഴി ഇന്ത്യയിലേക്കു കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണി ഭൂട്ടാന്‍ റോയല്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥനാണെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
ഇടപാടുകാര്‍ക്കു വണ്ടിയെക്കുറിച്ച് സംശയം തോന്നാതിരിക്കാനും വിശ്വാസം ഉറപ്പിക്കാനും ഹിമാചല്‍പ്രദേശിലെ കാങ്ഗ്ര ജില്ലയിലെ കന്ദ്രോരിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് 9 ഓര്‍ഡിനന്‍സ് ഡിപ്പോയുടെ (9എഫ്ഒഡി) വ്യാജ സീല്‍ പതിച്ച സെയില്‍ സര്‍ട്ടിഫിക്കറ്റുകളാണ് തട്ടിപ്പു സംഘം നല്‍കിയിരുന്നത്.
നാഗാലാന്‍ഡ് സ്വദേശിയാണ് ഇന്ത്യയിലെ ഇടപാടുകള്‍ക്കു പിന്നിലെന്നാണ് വിവരം. ഇയാളുടെ മലയാളി ഏജന്റ് വഴിയാണു കേരളത്തിലെ നടന്മാര്‍ക്ക് അടക്കം കാറുകള്‍ വിറ്റത്. ഇവര്‍ 3 പേരും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.
വാഹനക്കടത്തുകൂടാതെ, സ്വർണവും ലഹരിമരുന്നും ആയുധങ്ങളും അടക്കം സംഘം കടത്തിയതിന്റെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് വിവരം.