
ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തോടെ സംഘര്‍ഷം രൂക്ഷമായിരിക്കെ, ഇന്ത്യയോട് കൂടുതല്‍ ഇടയരുതെന്ന് പാക്ക് സര്‍ക്കാരിനോട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്.
ഇന്ത്യയ്‌ക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുതെന്നും പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും പ്രയോഗിക്കണമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് സഹോദരന്‍ കൂടിയായ നവാസ് ഷെരീഫ് ആവശ്യപ്പെട്ടതായാണ് വിവരം.
ഞായറാഴ്ച വൈകിട്ട് ലഹോറില്‍ വെച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നവാസ് ഷെരീഫ് നടത്തിയത്. സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ ഏകപക്ഷീയമായി എടുത്ത തീരുമാനം മേഖലയില്‍ യുദ്ധ ഭീഷണിയുണ്ടാക്കുന്നതാണെന്ന് ഷഹബാസ് നവാസ് ഷെരീഫിനോട് പറഞ്ഞു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നീക്കങ്ങള്‍ അരുതെന്ന് നവാസ് ഷെരീഫ് സഹോദരനെ ഉപദേശിച്ചെന്നാണ് വിവരം.
മാത്രമല്ല, നയതന്ത്ര മാര്‍ഗത്തിലൂടെ ഇന്ത്യയുമായി നല്ല ബന്ധം പുനഃസ്ഥാപിക്കണമെന്നും മൂന്നു തവണ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് ഉപദേശിച്ചു.