കെപിസിസി വൈസ് പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല എന്‍.ശക്തന് ; പാലോട് രവിക്ക് പകരക്കാരന്‍

തിരുവനന്തപുരം: പാലോട് രവി രാജിവച്ചതിനെ തുടര്‍ന്ന് ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന് നല്‍കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ സ്പീക്കറും കാട്ടാക്കട മുന്‍ എംഎല്‍എയുമാണ് ശക്തന്‍. യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് ബിരുദവും കേരള സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. നിയമബിരുദധാരിയാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവരികയും ചര്‍ച്ചയാകുകയും ചെയ്തതോടെ സമ്മര്‍ദ്ദത്തിലായ പാലോട് രവി ഇന്നലെ വൈകിട്ടോടെ രാജിവയ്ക്കുകയായിരുന്നു.

എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ് അധോഗതിയിലാണെന്നുമടക്കമുള്ള പരാമര്‍ശമാണ് അദ്ദേഹത്തെ വെട്ടിലാക്കിയത്.
ശബ്ദരേഖ ചാനലുകളിലൂടെ പുറത്തുവന്നു മണിക്കൂറുകള്‍ക്കകമായിരുന്നു രാജി. കെപിസിസിയും എഐസിസിയും ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. 3 മാസം മുന്‍പ്, വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീല്‍ ഒരു പരിപാടിക്കായി വിളിച്ചപ്പോള്‍ നടത്തിയ സംഭാഷണമാണു പുറത്തുവന്നത്. സംഭാഷണം പുറത്തുവിട്ട കുറ്റംചുമത്തി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു കെപിസിസി പുറത്താക്കി.

More Stories from this section

family-dental
witywide