
വാഷിംഗ്ടൺ: ഭീകരരുടെ താവളങ്ങളെ കൃത്യമായി ലക്ഷ്യമിടാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് യുഎസ് പ്രതിരോധ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍. പാകിസ്ഥാന്‍റെ സൈനിക നടപടികളുടെ മുനയൊടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് മുന്‍ ഉദ്യോഗസ്ഥനായ മൈക്കല്‍ റൂബിന്‍ പരിഹസിച്ചു. ഇന്ത്യയുടെ നടപടികളില്‍ ഭയന്നുവിറച്ച് കാലുകള്‍ക്കിടയില്‍ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ വെടിനിര്‍ത്തലിനായി പാകിസ്ഥാൻ പരക്കം പായുകയായിരുന്നുവെന്നും പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പരാജയം പരിതാപകരമായിരുന്നു എന്ന യാഥാര്‍ഥ്യത്തില്‍നിന്ന് പാക് സേനയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ല. നയതന്ത്രപരമായും സൈനികപരമായും ഇന്ത്യ വിജയം നേടിയതായും ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാൻ നല്‍കി വരുന്ന സ്‌പോണ്‍സര്‍ഷിപ്പില്‍ ഇപ്പോള്‍ ലോകത്തിന്റെ പ്രത്യേക ശ്രദ്ധ എത്തിയതായും എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഉദ്ദേശിച്ച സന്ദേശം പങ്കുവെക്കാന്‍ മേയ് ഏഴിന് പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് സാധിച്ചതായും മൈക്കല്‍ റൂബിന്‍ പറഞ്ഞു.













