
വാഷിംഗ്ടണ്‍ : തീരുവകൂട്ടി ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വ്യാപാര യുദ്ധം ആരംഭിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വയം നശിപ്പിക്കുകയാണെന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്റെ മുന്നറിയിപ്പ്. ട്രംപിന്റെ താരിഫ് തീരുമാനം ‘തികച്ചും അസംബന്ധം ആണെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പ്രൊഫസറുകൂടിയായ സ്റ്റീവ് ഹാങ്കെ എന്‍ഡിടിവിയോട് പറഞ്ഞു. ട്രംപ് മുന്നോട്ടുവയ്ക്കുന്ന സാമ്പത്തികശാസ്ത്രം പൂര്‍ണ്ണമായും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എപ്പോള്‍ വേണമങ്കിലും ആണ്ടുപോയേക്കാവുന്ന മണലില്‍ ആണ് ട്രംപ് ചവിട്ടി നില്‍ക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 50 ശതമാനമായി തീരുവ വര്‍ദ്ധിപ്പിച്ചതിനെച്ചൊല്ലി യുഎസും ഇന്ത്യയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
ഇപ്പോള്‍ നെപ്പോളിയന്റെ ഉപദേശം പിന്തുടരുന്നതാണ് എല്ലാവര്‍ക്കും നല്ലത്. ‘സ്വയം നശിപ്പിക്കുന്ന പ്രക്രിയയ്ക്കിടെ ശത്രുവിനെ ഒരിക്കലും തടസ്സപ്പെടുത്തരുതെന്ന’ നെപ്പേളിയന്‍ വചനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
”ഇന്ത്യയുടെ കാര്യത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും അവരുടെ തുറുപ്പുചീട്ടുകള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് കുറച്ചുനേരം കാത്തിരിക്കണമെന്ന് ഞാന്‍ കരുതുന്നു. കാരണം ട്രംപിന്റെ ചീട്ടുകൊട്ടാരം തകരുമെന്ന് ഞാന്‍ കരുതുന്നു”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, അമേരിക്കക്കാരുടെ ചെലവ് മൊത്ത ദേശീയ ഉല്‍പാദനത്തേക്കാള്‍ കൂടുതലായതിനാല്‍ യുഎസില്‍ വലിയ വ്യാപാര കമ്മിയുണ്ടെന്ന് പ്രൊഫസര്‍ ഹാങ്കെ അവകാശപ്പെട്ടു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് കാട്ടി 25 ശതമാനം അധിക തീരുവ ചുമത്തി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയാണ് ട്രംപ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.
തുണിത്തരങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍ കയറ്റുമതി തുടങ്ങിയ മേഖലകളെ ശക്തമായി ബാധിക്കാന്‍ സാധ്യതയുള്ള നീക്കം ‘അന്യായവും, നീതീകരിക്കാത്തതും, യുക്തിരഹിതവുമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ട്രംപിന്റെ സാമ്പത്തിക സമ്മര്‍ദ്ദത്തിന് മുന്നില്‍ ഇന്ത്യ വഴങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്.