
തിരുവനന്തപുരം: കൊച്ചി തീരത്ത് മേയ് 24-ന് അപകടത്തിൽപെട്ട എംഎസി എൽസ 3 കപ്പലിനെതിരേ കേസെടുത്ത് ഫോർട്ട് കൊച്ചി പോലീസ്. സി. ഷാംജി എന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കപ്പൽ ഉടമ ഒന്നാംപ്രതി, ഷിപ്പ് മാസ്റ്റർ, ക്രൂ അംഗങ്ങൾ എന്നിവർ രണ്ടും മൂന്നും പ്രതികളാക്കി ചേർത്താണ് എഫ്ഐആർ എടുത്തിയിരിക്കുന്നത്. ബിഎൻഎസ് 282, 285, 286, 287, 288, 3, (5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മനുഷ്യ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കും വിധം എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്ഫോടകവസ്തുക്കളും ഉണ്ടെന്ന അറിവ് നിലനിൽക്കെ അപകടപരമായും ഉദാസീനമായും കപ്പൽ കൈകാര്യം ചെയ്തെന്നും ഇതുവഴി അപകടമുണ്ടായെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. അപകടത്തെത്തുടർന്ന കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽനിന്ന് വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്‌ടങ്ങളും മറ്റും പുറം തള്ളപ്പെട്ടത് പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ഇടയാക്കി. പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കി. കപ്പൽ മൂലവും കടലിൽ പതിച്ച കണ്ടെയ്നറുകൾമൂലവും കപ്പൽ ചാലിലും മറ്റ് സമീപ പ്രദേശങ്ങളിലും സഞ്ചാരം നടത്തുന്ന യാനങ്ങളും പൊതുസഞ്ചാരത്തിന് മാർഗതടസം ഉണ്ടാക്കിയെന്നും എഫ്ഐആറിൽ ആരോപിക്കുന്നു.