ഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപറേഷന്‍ സിന്ദൂർ സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ പങ്കുവച്ച് ഇന്ത്യൻ സൈന്യം. അതിർത്തി സംഘർഷത്തിൽ ഇന്ത്യയുടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചെന്നാണ് സൈന്യ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഇതോടെയാണ് മൊത്തം ആറ് സൈനികൾക്ക് ജീവൻ നഷ്ടമായെന്ന് സ്ഥിരീകരണമായത്. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന്റെ 40 ഓളം സൈനികര്‍ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. പാകിസ്താനിലെ ജക്കോബാബാദ്, ബൊലാറി, സര്‍ഗോദ, റഹീം യാര്‍നല്‍, ചക്കാല നൂര്‍ ഖാന്‍ വ്യോമ താവളങ്ങള്‍ ഇന്ത്യ തകര്‍ത്തെന്നും ലഫ്. ജനറല്‍ രാജീവ് ഘായ് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈനിക താവളങ്ങളെ പാകിസ്താന്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. പാകിസ്താന്റെ ആക്രമണങ്ങളെയെല്ലാം പ്രതിരോധിച്ചു. ഏഴിനും എട്ടിനും അതിര്‍ത്തിയിലെ എല്ലാ നഗരങ്ങള്‍ക്ക് മുകളിലും ഡ്രോണുകള്‍ എത്തി. അവയെല്ലാം സുരക്ഷാസേന വെടിവെച്ചിട്ടു. സിവിലിയന്‍ വിമാനങ്ങള്‍ പറക്കുന്നതിനിടെയായിരുന്നു പാകിസ്താന്റെ ആക്രമണം.കൊല്ലപ്പെട്ട ഭീകരരില്‍ യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് എന്നിവര്‍ കൊടും ഭീകരരാണെന്നും അദ്ദേഹം വ്യക്തമാക്കി.














