
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ദിനത്തില്‍ ബംഗാളില്‍ ബാബറി മസ്ജിദ് നിര്‍മ്മാണത്തിന് തുടക്കമിടുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ പ്രസ്താവന വിവാദമായി. ഡിസംബര്‍ 6 ന് ബാബറി മസ്ജിദിന് തറക്കല്ലിടുമെന്നും മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എ നൗഷാദ് സിദ്ധിഖിയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. രാഷ്ട്രീയ സെക്കുലര്‍ മജ്‌ലിസ് പാര്‍ട്ടി എംഎല്‍എയാണ് സിദ്ധിഖി.
എന്നാല്‍, ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ‘മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിലും’ ‘പ്രീണന രാഷ്ട്രീയത്തിലും’ ഏര്‍പ്പെടുന്നുവെന്ന് അവര്‍ ആരോപിച്ചു. ‘ആര്‍ക്കും ക്ഷേത്രങ്ങളോ പള്ളികളോ നിര്‍മ്മിക്കാം, പക്ഷേ ടിഎംസി മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നു. ഡിസംബര്‍ 6 എന്ന തീയതി തിരഞ്ഞെടുത്തതിന് പിന്നിലെ അവരുടെ ഉദ്ദേശ്യം വ്യക്തമാണ്. ചോദ്യം, ടിഎംസി ഇതുവരെ ന്യൂനപക്ഷങ്ങള്‍ക്കായി എന്താണ് ചെയ്തത് എന്നാണ്?- ബിജെപി നേതാവ് അഗ്‌നിമിത്ര പോള്‍ പ്രതികരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുസ്ലിം വോട്ടിനായുള്ള നീക്കമാണ് ഹുമയൂണ്‍ കബീറിന്റേതെന്ന് ബിജെപി ആരോപിച്ചു. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കരുതെന്നും സംസ്ഥാന നേതൃത്വം വിമര്‍ശിച്ചു.
Foundation stone of new Babri Masjid to be laid on Babri Day, Trinamool MLA stirs controversy












