
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ നാല് മുതിര്‍ന്ന പൗരന്മാരെ യുഎസില്‍ കാണാതായെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ നിന്ന് പെന്‍സില്‍വാനിയയിലേക്കുള്ള റോഡ് യാത്രയ്ക്കിടെയാണ് 80 വയസിന് മുകളില്‍ പ്രായമുള്ള നാല്‍വര്‍ സംഘത്തെ കാണാതായത്. ജൂലൈ 29 നാണ് ഇവരെ അവസാനമായി കണ്ടത്. പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല.
ഡോ. കിഷോര്‍ ദിവാന്‍ (89), ആശ ദിവാന്‍ (85), ശൈലേഷ് ദിവാന്‍ (86), ഗീത ദിവാന്‍ (84) എന്നീ നാല് മുതിര്‍ന്ന പൗരന്മാരെ ജൂലൈ 29 ന് പെന്‍സില്‍വാനിയയിലെ എറിയിലെ പീച്ച് സ്ട്രീറ്റിലുള്ള ഒരു ബര്‍ഗര്‍ കിംഗ് ഔട്ട്ലെറ്റിലാണ് അവസാനമായി കണ്ടത്. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇവരെ കാണാം. അവരുടെ അവസാന ക്രെഡിറ്റ് കാര്‍ഡ് ഇടപാടും ഈ സ്ഥലത്താണ് നടന്നത്.
ന്യൂയോര്‍ക്ക് ലൈസന്‍സ് പ്ലേറ്റ് (EKW2611) ഉള്ള ഇളം പച്ച ടൊയോട്ട കാമ്രിയിലാണ് രണ്ട് പുരുഷന്മാരും അവരുടെ ഭാര്യമാരും യാത്ര ചെയ്തത്. മാര്‍ഷല്‍ കൗണ്ടിയിലെ പാലസ് ഓഫ് ഗോള്‍ഡിലേക്കുള്ള യാത്രയിലായിരുന്നു അവര്‍. ഇസ്‌കോണ്‍ സ്ഥാപകനായ സ്വാമി പ്രഭുപാദയുടെ ശിഷ്യന്മാരുടെ ഒരു പ്രശസ്തമായ മതകേന്ദ്രമാണ് പാലസ് ഓഫ് ഗോള്‍ഡ്. ചൊവ്വാഴ്ച രാത്രി ഇവിടെ തങ്ങാനായിരുന്നു അവര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇവര്‍ ഇവിടെ എത്തിയിട്ടില്ല. ജൂലൈ 29 മുതല്‍ ഇവരുടെ ഫോണുകളിലേക്കും ബന്ധപ്പെടാനാകുന്നില്ല. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും മൗണ്ട്‌സ്വില്ലില്‍ ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെ വരെ ഇവരുടെ മൊബൈല്‍ ആക്ടീവായിരുന്നു.
അന്വേഷണത്തിനും തിരച്ചിലിനുമായി കൂടുതല്‍ സംഘങ്ങളെ വിന്യസിച്ചതായും ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നുണ്ടെന്നും മാര്‍ഷല്‍ കൗണ്ടി ഷെരീഫ് മൈക്ക് ഡൗഗെര്‍ട്ടി പറഞ്ഞു.
അതേസമയം, ജൂണില്‍, സിമ്രാന്‍ എന്ന 24 കാരിയായ ഇന്ത്യന്‍ യുവതിയെ ന്യൂജേഴ്സിയില്‍ ഒരു വിവാഹത്തിനായി എത്തിയതിന് തൊട്ടുപിന്നാലെ കാണാതായിരുന്നു. ഇവര്‍ വിവാഹം മറയാക്കി അമേരിക്കയില്‍ ഒളിവില്‍ കഴിയുന്നുവെന്ന സംശയവും ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് നാല്‍വര്‍ സംഘത്തെ കാണാതായിരിക്കുന്നത്.