മുംബൈ: മഹാരാഷ്ട്രയിലെ പാൽക്കർ ജില്ലയിലെ താരാപൂർ എംഐഡിസി വ്യവസായിക മേഖലയിൽ മെഡ്‌ലി ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഉണ്ടായ നൈട്രജൻ വാതക ചോർച്ചയിൽ നാല് തൊഴിലാളികൾ മരിക്കുകയും പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. മുംബൈയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെ ബോയ്സൂർ വ്യവസായിക മേഖലയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30നും 3:00നും ഇടയിൽ ഫാക്ടറിയിലെ ഒരു യൂണിറ്റിൽ നൈട്രജൻ വാതകം ചോർന്നതാണ് അപകടത്തിന് കാരണമായത്. ആൽബെൻഡസോൾ എന്ന മരുന്നിന്റെ ഉൽപാദന പ്രക്രിയയ്ക്കിടെ നൈട്രജൻ റിയാക്ഷൻ ടാങ്കിൽ നിന്നുണ്ടായ ചോർച്ച എട്ട് തൊഴിലാളികളെ ബാധിച്ചതായി റിപ്പോർട്ട്.
പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ ബോയ്സൂരിലെ ശിന്ദെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നാല് പേർ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മരിച്ചവരെ കൽപേഷ് റൗത്, ബംഗാളി താക്കൂർ, ധീരജ് പ്രജാപതി, കമലേഷ് യാദവ് എന്നിവരായി തിരിച്ചറിഞ്ഞു. രോഹൻ ഷിന്ദെ, നീലേഷ് ഹഡാൽ എന്നിവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാൽക്കർ ജില്ലാ ദുരന്തനിവാരണ വിഭാഗം മേധാവി വിവേകാനന്ദ് കദം പറഞ്ഞതനുസരിച്ച്, ചോർച്ചയുടെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൈട്രജൻ വാതകം നിറമോ ഗന്ധമോ ഇല്ലാത്തതിനാൽ, ഇത്തരം ചോർച്ചകൾ പ്രത്യേക ഉപകരണങ്ങൾ ഇല്ലാതെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും, വ്യവസായ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.















