
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി നൽകിയ അതിജീവിതക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. “പച്ചക്കള്ളം പറഞ്ഞാണ് എന്നെ കുടുക്കിയത്” എന്ന് ആരോപിച്ച അദ്ദേഹം, ജയിലിൽ മഹാത്മാഗാന്ധിയുടെ പാത പിന്തുടർന്ന് നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇത് “പുരുഷന്മാർക്കുവേണ്ടിയുള്ള സ്വാതന്ത്ര്യസമരം” ആണെന്നും രാഹുൽ ഈശ്വർ വിശേഷിപ്പിച്ചു.
വൈദ്യപരിശോധനയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ രാഹുൽ ഈശ്വർ ആരോപിച്ചത്, തനിക്ക് നോട്ടീസ് നൽകിയെന്നും അത് കൈപ്പറ്റാൻ വിസമ്മതിച്ചുവെന്നും പൊലീസ് കോടതിയിൽ കള്ളം പറഞ്ഞുവെന്നാണ്. “ഞാൻ പെൺകുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന് പൊലീസിനുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞത് തെറ്റ്. അത്തരം വാക്കുകൾ ഞാൻ ഉപയോഗിച്ചിട്ടില്ല. പരാതിക്കാരിയുടെ പേര് പറഞ്ഞിട്ടില്ല, എ ഐ ജനറേറ്റഡ് ചിത്രമാണ് ഉപയോഗിച്ചത്” എന്നും രാഹുൽ ഈശ്വർ പറഞ്ഞു.
“കള്ളം പറഞ്ഞ് ജയിച്ചിട്ട് എന്ത് അർത്ഥം? ഇനി രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി വീഡിയോ ചെയ്യില്ലെന്ന് പറഞ്ഞാൽ ഒരുപക്ഷേ അനുകൂലമായി വരും. പക്ഷേ അനീതിക്ക് മുന്നിൽ മുട്ടുമടക്കില്ല” – രാഹുൽ ഈശ്വർ വികാരാധീനനായി പറഞ്ഞു. 14 ദിവസത്തെ റിമാൻഡിൽ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയ അദ്ദേഹം നിരാഹാരം ആരംഭിച്ചതായി അറിയിച്ചു.










