
പാരീസ്: റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റിന്’ (അനൗദ്യോഗിക കപ്പൽവ്യൂഹം) വേണ്ടി പ്രവർത്തിച്ചുവെന്ന് സംശയിക്കുന്നതും ഉപരോധം ഏർപ്പെടുത്തിയതുമായ ഒരു ടാങ്കർ കപ്പലിൽ ഫ്രഞ്ച് നാവികസേന പ്രവേശിച്ചു. കപ്പലിലെ ക്യാപ്റ്റനെയും ഫസ്റ്റ് ഓഫീസറെയും ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. “സെന്റ്-നസെയറിന് സമീപം നങ്കൂരമിട്ടിരുന്ന റഷ്യൻ ഷാഡോ ഫ്ലീറ്റ് ടാങ്കറിന്‍റെ ഉള്ളിൽ ഈ വാരാന്ത്യത്തിൽ ഇടപെടൽ നടത്തിയ ഞങ്ങളുടെ നാവിക കമാൻഡോകൾക്കും ഫ്രഞ്ച് നാവികസേനയിലെ ജീവനക്കാർക്കും നന്ദി,” പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു എക്സിൽ കുറിച്ചു.
കസ്റ്റഡിയിലെടുത്ത രണ്ട് പേർ കപ്പലിന്‍റെ ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറുമാണെന്ന് സമ്മതിച്ചതായി ബോറക്കായ് എന്ന ഈ കപ്പലിനെക്കുറിച്ചുള്ള അന്വേഷണം കൈകാര്യം ചെയ്യുന്ന ബ്രെസ്റ്റ് പ്രോസിക്യൂട്ടർ സ്റ്റെഫാൻ കെല്ലൻബെർഗർ പ്രസ്താവനയിൽ അറിയിച്ചു. കപ്പലിൻ്റെ പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാത്തതിനും നിർദ്ദേശങ്ങൾ പാലിക്കാത്തതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇവരുടെ കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ അറിയിച്ചു.
റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റിൽ’ ഏകദേശം 600 മുതൽ 1,000 വരെ കപ്പലുകൾ ഉണ്ടെന്നാണ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ വിലയിരുത്തുന്നത്. ഈ കപ്പലിനെതിരായ അന്വേഷണത്തെ അദ്ദേഹം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, അന്വേഷണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഫ്രഞ്ച് അധികൃതർ വിമുഖത കാണിക്കുകയാണ്.