പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാൻ ഫ്രാൻസ്; ഇടഞ്ഞ് യുഎസും ഇസ്രയേലും

പാരിസ്: പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് പ്രഖ്യാപിച്ച് ഫ്രാൻസ്. ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് പൗരസമൂഹത്തെ സംരക്ഷിക്കാനാണ് അടിയന്തര പരിഗണനയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പലസ്‌തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്നും മക്രോൺ പറഞ്ഞു.

സാമൂഹിക മാധ്യമത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇക്കാര്യം വ്യക്തമാക്കിയത്. അന്തിമമായി നാം പലസ്തീൻ എന്ന രാഷ്ട്രം നിർമിക്കേണ്ടതുണ്ട്. ആ രാഷ്ട്രത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുകയും അത് പ്രാപ്തമാക്കുന്നത് ഉറപ്പാക്കുകയും ചെയ്യണം. സൈനികവത്കണം കുറയ്ക്കുന്ന പലസ്തീൻ നിലപാടിനെ സ്വീകരിക്കുകയും ഇസ്രയേലിനെ പൂർണമായി അംഗീകരിക്കുകയും ചെയ്‌തുകൊണ്ട് പശ്ചിമേഷ്യയിലെ സുരക്ഷിതത്വത്തിനായി സഹകരിക്കാമെന്നാണ് മാക്രോൺ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന പ്രധാന യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ്. 140-ലധികം രാജ്യങ്ങളാണ് ഹമാസ് ആക്രമണങ്ങൾക്ക് പ്രത്യാക്രമണമെന്ന നിലയിൽ ഗാസയിൽ ഇസ്രയേൽ തുടർന്നുവരുന്ന വ്യോമാക്രമണത്തെ തുടർന്ന് പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുവന്നിട്ടുള്ളത്. ബ്രിട്ടൻ, നോർവേ, സ്പെയിൻ, അയർലൻഡ് തുടങ്ങി വിവിധ രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാമെന്ന നിലപാട് അറിയിച്ചിരുന്നു. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള ഫ്രാൻസിൻ്റെ നിലപാടിനെ ഹമാസ് സ്വാഗതം ചെയ്‌തു. അന്താരാഷ്ട്ര നിയമത്തോടുള്ള ഫ്രാൻസിൻ്റെ പ്രതിബദ്ധതയും പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കുള്ള പിന്തുണയുമാണ് ഫ്രാൻസിന്റെ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് പലസ്തീൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഹുസൈൻ അൽ ഷെയ്ഖ് പറഞ്ഞു.

അതേസമയം, ഇക്കാര്യത്തിൽ ഇടഞ്ഞാണ് യുഎസിന്റെയും ഇസ്രയേലിൻ്റെയും നിലപാട്. ഒക്ടോബർ 7-നുണ്ടായ ആക്രമണത്തിനിരയായവരുടെ മുഖത്തടിയ്ക്കുന്നതിനു സമാനമായ നീക്കമാണ് ഫ്രാൻസിൻ്റെ നിലപാടെന്നും ഹമാസിനെ പിന്തുണയ്ക്കുന്നതാണ് ഫ്രാൻസിന്റെ തീരുമാനമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ പറഞ്ഞു. ഭീകരവാദത്തിനുള്ള പ്രതിഫലവും ഇസ്രയേലിൻ്റെ അസ്തിത്വത്തിന് ഭീഷണിയുമാണ് പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന നടപടിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു. ഇസ്രയേലാണ് ഗാസയിൽ പട്ടിണി രൂക്ഷമാകുന്നതിന് പിന്നിലെന്ന ആരോപണവും നെതന്യാഹു നിഷേധിച്ചു.

More Stories from this section

family-dental
witywide