
വാഷിങ്ടൺ ഡിസി: വിര്ജീനിയയിലെ ലോസ് (Lowe’s) സ്റ്റോറിൽ നിന്ന് രണ്ട് ആഴ്ച മുമ്പ് കാണാതായ ഫ്രാൻസിൻ എന്ന പൂച്ച സുരക്ഷിതമായി തിരിച്ചെത്തി. കമ്പനി ഉടമസ്ഥതയിലുള്ള മറ്റൊരു സംസ്ഥാനത്തിലെ വിതരണ കേന്ദ്രത്തിലേക്കുള്ള ട്രക്കിൽ കയറിപോയ പൂച്ചയാണ് തിരിച്ചെത്തിയത്. സെപ്റ്റംബറിലായിരുന്നു സ്റ്റോറിൽ നിന്ന് ഫ്രാൻസിൻ പൂച്ചയെ കാണാതായത്.
ഇവരുടെ തന്നെ ഉത്തര കരോളിനയിലെ ഗാരിസ്ബർഗ് എന്ന സ്ഥലത്തെ ലോസ് വിതരണ കേന്ദ്രത്തിൽ നിന്നാണ് കണ്ടെത്തിയത്. ഒടുവിൽ റിച്ച്മണ്ടിലെ ലോസ് സ്റ്റോറിൽ നിന്നുള്ള ജീവനക്കാർ തിങ്കളാഴ്ച രാവിലെ ഏകദേശം ഒന്നര മണിക്കൂറോളം യാത്ര ചെയ്ത് ഫ്രാൻസിനെ തിരികെ കൊണ്ടുവന്നു. കുറേ നാളായി ഇവരോടൊപ്പം സ്റ്റോറിലായിരുന്നു ഫ്രാൻസിൻ പൂച്ച താമസിച്ചിരുന്നത്.
ഫ്രാൻസിൻ ഞങ്ങളുടേതാണ്. ജീവനക്കാരും കസ്റ്റമർമാരും അവളെ ഏറെ സ്‌നേഹിക്കുന്നു. എട്ട് വർഷം മുമ്പ് ലോസ് സ്റ്റോറിൽ എത്തി താമസമാരംഭിച്ച ഫ്രാൻസിൻ, അന്ന് സ്റ്റോറിനുണ്ടായിരുന്ന എലി പ്രശ്നം പരിഹരിച്ചതിനാലാണ് ജീവനക്കാർ അവളെ സ്വീകരിച്ചത്. ലോവ്സിന് ഔദ്യോഗികമായി സ്റ്റോർ പൂച്ചകളെക്കുറിച്ച് നയമില്ല. എന്നിരുന്നാലും,ഫ്രാൻസിൻ നമ്മളെ തിരഞ്ഞെടുത്ത പൂച്ചയാണ് എന്നും സ്റ്റോർ സൂപ്പർവൈസർ വെയ്ൻ ഷ്നൈഡർ പറഞ്ഞു.
സീസണൽ വിഭാഗത്തിൽ ക്രിസ്മസ് സീസണുമായി ബന്ധപ്പെട്ട പ്രോഡക്റ്റുകൾ എത്തിച്ച സമയത്താണ് ഫ്രാൻസിൻ കാണാതായത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആണ് പൂച്ച ട്രക്കിലേയ്ക്ക് കയറുന്നും, ട്രക്ക് വിട്ടുപോകുന്നതും കണ്ടത്. തുടർന്ന് അവിടെ ലോസ് അധികൃതരും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പൂച്ചയെ കണ്ടെത്തിയത്.ഫ്രാൻസിന്റെ തിരികെവരവ് ആഘോഷിക്കുകയാണ് ജീവനക്കാർ. ബുധനാഴ്ച ബ്രൂവറിയിൽ ‘Francine Fest’ എന്ന പേരിൽ പരിപാടിയുണ്ടാകും. ലോസ് സ്റ്റോറും ജീവനക്കാർക്കായി പ്രത്യേകം പാർട്ടി ഒരുക്കുന്നുണ്ട്.