
പാരിസ്: ഇന്ത്യയടക്കം ഉപയോഗിക്കുന്ന ഫ്രഞ്ച് നിര്‍മിത റഫാല്‍ യുദ്ധവിമാനങ്ങളുടെ പ്രകടനത്തെക്കുറിച്ച് സംശയം പരത്താൻ ചൈനയുടെ ശ്രമമെന്ന് റിപ്പോര്‍ട്ട്. റഫാൽ വാങ്ങാനൊരുങ്ങുന്ന രാജ്യങ്ങളെ അതില്‍നിന്ന് പിന്തിരിപ്പിക്കാനും ചൈന ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് എംബസികളിലെ അറ്റാഷെമാരുടെ നേതൃത്വത്തിലാണ് ഈ ശ്രമങ്ങൾ നടക്കുന്നതെന്ന് ഫ്രഞ്ച് സൈനിക- രഹസ്യാന്വേഷണവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂർ സൈനിക നടപടിയിൽ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു.
റഫാല്‍ യുദ്ധവിമാനം വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരെ, പ്രത്യേകിച്ച് ഇന്തോനേഷ്യയെ ഇടപാടിൽനിന്ന് പിന്തിരിപ്പിക്കാനും ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ചൈനയുടെ നീക്കമെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ തുറന്ന് പറയുന്നുണ്ട്. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സാമൂഹിക മാധ്യമ പോസ്റ്റുകള്‍, തകര്‍ന്ന റഫാലിന്‍റേതെന്ന് ആരോപിച്ചുള്ള ചിത്രങ്ങള്‍, എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ചൈന ഈ നീക്കങ്ങൾ നടത്തുന്നതെന്നാണ് വിവരം.
ചൈനീസ് സാങ്കേതിക വിദ്യയുടെ മേന്മയെക്കുറിച്ചുള്ള പ്രചാരണത്തിന് ആയിരത്തിലധികം പുതിയ സാമൂഹികമാധ്യമ അക്കൗണ്ടുകളാണ് സൃഷ്ടിക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം, റഫാല്‍ വിരുദ്ധ പ്രചാരണത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണം ചൈന തള്ളി. ആരോപണം അടിസ്ഥാനരഹിതവും അപവാദവുമാണെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ എപിയോടുള്ള ചൈനയുടെ പ്രതികരണം.