വെറും വാക്കല്ല! സാക്ഷാൽ ‘മെസിയും അർജന്റീനയും വരും കേട്ടോ’ എന്ന് കായിക മന്ത്രി, പോരാട്ടം തിരുവനന്തപുരത്ത്, തിയതിയും സമയവും പിന്നീട്

തിരുവനന്തപുരം: ലയണല്‍ മെസിയും ലോകകപ്പ് ജേതാക്കളുമായ അർജന്റീന ടീമും കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് വീണ്ടും കായിക മന്ത്രി വി അബ്ദു റഹ്മാന്‍ രംഗത്ത്. അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തും. ഒക്ടോബർ – നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താനാണ് ആലോചന. അർജൻറീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ എത്തിയതിനുശേഷം ആദ്യ തുക ട്രാൻസ്ഫർ ചെയ്യുമെന്നും മന്ത്രി വിവരിച്ചു.

മത്സരത്തിനു പ്രഥമ പരിഗണന നല്‍കുന്നത് തിരുവനന്തപുരത്തിനാണെന്നും സ്റ്റേഡിയം ഒരുക്കാന്‍ കഴിയമെന്നാണ് പ്രതീക്ഷ എന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ അര്‍ജന്റീന കേരള സന്ദര്‍ശനം ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാർത്തകൾ എല്ലാം നിഷേധിച്ചുകൊണ്ടാണ് മന്ത്രി അബ്ദു റഹ്മാൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.