
ബെംഗളൂരൂ: ദക്ഷിണേന്ത്യന്‍ രുചിതേടി ‘ഗെയിം ഓഫ് ത്രോണ്‍സ് താരം’നിക്കൊളായ് വില്യം കോസ്റ്റർ വാൾദാവു ബെംഗളൂരുവിൽ. താരം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ തനതു രുചിക്ക് പേരുകേട്ട ബെംഗളൂരുവിലെ രാമേശ്വരം കഫേയിലാണ് താരമെത്തിയത്. ചെറുസംഘത്തോടൊപ്പം എത്തിയ താരം കഫേയ്ക്കകത്ത് ഒരുവശത്തായി തനിക്കൊപ്പമുള്ളവരോടൊത്ത് നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്ന വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആരാധകരിൽ ചിലർ താരത്തോടൊപ്പം ഫോട്ടോയും വീഡിയോയും എടുക്കാനായി അഭ്യർഥിച്ചപ്പോൾ നിക്കൊളായ് കോസ്റ്റർ വാൾദാവു അത് സാധിച്ചുകൊടുത്തു. ഇതാണിപ്പോൾ വൈറലായിരിക്കുന്നത്. സീരീസിന്റെ ആരാധകരായ ഒട്ടേറെപ്പേരാണ് പോസ്റ്റുകൾക്ക് താഴെ കമന്റുകൾ കുറിച്ചിരിക്കുന്നത്.
രാമേശ്വരം കഫേയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലും നിക്കൊളായ് കോസ്റ്ററോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. താരത്തേയും സംഘത്തേയും വരവേൽക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അത് അവിസ്മരണീയമായിരുന്നെന്നും അവർ പോസ്റ്റിൽ കുറിച്ചു. ഗെയിം ഓഫ് ത്രോൺസിലെ ജെയ്മി ലാനിസ്റ്റർ എന്ന ശക്തമായ കഥാപാത്രത്തെയാണ് നിക്കൊളായ് കോസ്റ്റർ വാൾദാവു അവതരിപ്പിച്ചത്.