
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവു പിടിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. കൊല്ലം സ്വദേശി അനുരാജാണ് പിടിയിലായത്. പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അനുരാജ്. കഞ്ചാവ് വാങ്ങിയത് അനുരാജിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് കണ്ടെത്തി. കളമശേരിയില്‍നിന്നാണ് അനുരാജിനെ പിടികൂടിയത്.
അതേസമയം, നാലുകിലോയിലേറെ കഞ്ചാവാണ് ഹോസ്റ്റലിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാണാതായ കഞ്ചാവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം അറസ്റ്റിലായ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖും ശാലിക്കുമാണ് ഇപ്പോള്‍ പിടിയിലായ അനുരാജിന് കഞ്ചാവ് എത്തിച്ചുനല്‍കിയത്. എട്ട് പൂര്‍വ വിദ്യാര്‍ഥികള്‍ കോളജില്‍ കഞ്ചാവ് എത്തിച്ചു നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച കൂടുതല്‍ പേരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് .