ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗാസ യുദ്ധം അവസാനിപ്പിക്കാനായി അവതരിപ്പിച്ച 20 ഇന സമാധാനപദ്ധതിയിലെ ചില ഉപാധികളായ ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കാനും അധികാരം ഉപേക്ഷിക്കാനും തയ്യാറാണെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെ ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീക്കത്തെ സുപ്രധാന ചുവടുവെപ്പ് എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണായകമായ മുന്നേറ്റം കൈവരിക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ ഇന്ത്യ അഭിനന്ദിക്കുന്നു. ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനകൾ ഒരു സുപ്രധാന ചുവടുവെപ്പാണിതെന്നും ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നത് ഇന്ത്യ തുടരുമെന്നും പ്രധാനമന്ത്രി മോദി എക്‌സ് പോസ്റ്റിൽ പറഞ്ഞു.
ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതിയിൽ യുദ്ധം അവസാനിപ്പിക്കുക, ഇസ്രയേൽ പിന്മാറ്റം, ഇസ്രയേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും മോചിപ്പിക്കുക, സഹായ-പുനരധിവാസ പ്രവർത്തനങ്ങൾ, പലസ്തീനികളെ പ്രദേശത്തുനിന്ന് പുറത്താക്കുന്നതിനെതിരെയുള്ള നിലപാട് എന്നിവയുൾപ്പെടെ ചില വ്യവസ്ഥകളാണ് ഹമാസ് അംഗീകരിച്ചിട്ടുള്ളത്. അതേസമയം, സമധാന പദ്ധതിയിലെ ചില വ്യവസ്ഥകളിൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.














