
ഗാസ കൊടും പട്ടിണിയിലേക്ക് കൂപ്പു കുത്തുന്നുവെന്നും ഗാസ നിവാസികള്‍ കൂട്ടത്തോടെ പട്ടിണിയിലാകുന്നുവെന്നും മാനുഷിക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. നൂറിലധികം അന്താരാഷ്ട്ര സഹായ സംഘടനകളും മനുഷ്യാവകാശ ഗ്രൂപ്പുകളുമാണ് ഗാസയിലെ അതി രൂക്ഷമായ പട്ടിണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും അധികൃതരോട് നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പോഷകാഹാരക്കുറവ് മൂലം 10 പലസ്തീനികള്‍ കൂടി മരിച്ചതായി ഗാസയിലെ ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം പറഞ്ഞതിനെ തുടര്‍ന്നാണ് അവരുടെ മുന്നറിയിപ്പ്.
മെഡെസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് (എംഎസ്എഫ്), സേവ് ദി ചില്‍ഡ്രന്‍, ഓക്സ്ഫാം എന്നിവരക്കമുള്ള സംഘടനകള്‍ അവരുടെ സഹപ്രവര്‍ത്തകരും അവര്‍ സേവിക്കുന്ന ആളുകളും ‘പട്ടിണിയില്‍പ്പെട്ട് ക്ഷീണിച്ച് ഇല്ലാതാകുന്നു’ എന്ന് കാട്ടി സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടു.
എന്നാല്‍, പ്രദേശത്തേക്കുള്ള എല്ലാ സാധനങ്ങളുടെയും പ്രവേശനം നിയന്ത്രിക്കുന്ന ഇസ്രായേല്‍, ഗാസയെ കൂടുതല്‍ ദുരിതത്തിലാക്കുകയും സംഘടനകളുടെ പ്രസ്താവനയും മുന്നറിയിപ്പും നിരസിക്കുകയും ‘ഹമാസിന്റെ പ്രചാരണത്തിന്’ അവര്‍ സഹായിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്യുന്നു.