
ഗാസസിറ്റി : ഗാസ പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പുകളുമായി നെതന്യാഹു സര്‍ക്കാര്‍ മുന്നിട്ടിറങ്ങവെ ഗാസയില്‍ നിന്നും വരുന്നത് പട്ടിണി മരണത്തിന്റെ ദുഖവാര്‍ത്തകള്‍. ഗാസയില്‍ 24 മണിക്കൂറിനിടെ 5 പേര്‍ കൂടി പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം193 ആയി. ഇതില്‍ 96 പേര്‍ കുട്ടികളാണ്. കടുത്ത പട്ടിണിയാണ് ഗാസയെ വരിഞ്ഞുമുറുക്കുന്നത്. പത്തില്‍ ഒന്‍പതു കുടുംബങ്ങളും ഒരുനേരത്തെ ഭക്ഷണമെങ്കിലും കിട്ടാനായി നെട്ടോട്ടമോടുകയാണ്.
അതേസമയം, ഗാസയില്‍ ഇസ്രയേല്‍ സൈനികനടപടി തുടരുന്നതിനെ എതിര്‍ത്ത് ഇസ്രയേലില്‍ അഭിപ്രായവോട്ടെടുപ്പുകള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഉടന്‍ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കി ബന്ദികളെ മോചിപ്പിക്കണമെന്നാണ് ആവശ്യം. ഇതിനിടെ, ഗാസ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള പദ്ധതികള്‍ക്ക് ഇസ്രയേല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. മന്ത്രിസഭ ഭൂരിപക്ഷ വോട്ടിലൂടെയാണ് നിര്‍ദേശം അംഗീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗാസ നഗരം പിടിച്ചെടുക്കാനുള്ള അംഗീകൃത പദ്ധതികളും ‘യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അഞ്ച് തത്വങ്ങളും’ വിശദീകരിക്കുന്നതാണ് പ്രസ്താവന.
‘യുദ്ധ മേഖലകള്‍ക്ക് പുറത്തുള്ള ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കിക്കൊണ്ട് ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഐഡിഎഫ് (ഇസ്രയേല്‍ പ്രതിരോധ സേന)തയ്യാറെടുക്കുമെന്നാണ് പ്രധാനമന്ത്രി വിശദീകരിക്കുന്നത്. അതേസമയം പദ്ധതിക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബന്ദികളെ മുഴുവനും തിരികെ എത്തിക്കാനാകുമോ എന്ന സംശയമാണ് പലരും ഉയര്‍ത്തുന്നത്.