ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രികളുടെ അറസ്റ്റില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്; സംഘപരിവാറിന് ഇരട്ടത്താപ്പ്, ഇവിടെ കന്യാമറിയത്തിന് സ്വര്‍ണം ചാര്‍ത്തും വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങള്‍ തകര്‍ക്കും

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രികളുടെ അറസ്റ്റില്‍ പ്രതികരിച്ച് യാക്കോബായ സഭാ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സംഘപരിവാരിവാറിനെതിരെ രൂക്ഷ വിമർശനവുമായാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തിയിരിക്കുന്നത്. സംഘപരിവാർ കേരളത്തിൽ പുണ്യാളന്റെയും കന്യാമറിയത്തെയും ചിത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ചാര്‍ത്തുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങളൊക്കെ തല്ലി തകര്‍ക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.

മതേതര വിശ്വാസികള്‍ ഈ ഫാസിസത്തിനെതിരെ ഒന്നിച്ചു പോരാടണം. ക്രൈസ്തവരോടുള്ള സമീപനത്തില്‍ സംഘപരിവാറിന് ഇരട്ടത്താപ്പാണ്.ഇവിടെ മധുരം വിളമ്പുമ്പോള്‍ വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൈപ്പാണ് കൊടുക്കുന്നത്. ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ ഭീഷണി നേരിടുന്നുണ്ട്. ഫാസിസത്തിനെതിരെ ഒന്നിച്ച് പോരാടണം. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ, ന്യൂനപക്ഷ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. സ്വന്തം മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രതികരിച്ചു.

നിര്‍ബന്ധിത മതംമാറ്റം കള്ളക്കഥയാണെന്ന് നിയമപരമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത്തരം കഥകള്‍ പറഞ്ഞ് കന്യാസ്ത്രീകളേയും പുരോഹിതരേയും വേട്ടയാടുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ആസൂത്രിതമായി നടത്തിയതാണെന്നാണ് കരുതുന്നത്. ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് നിന്ന് പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിൽ, റിമാന്‍ഡ് ചെയ്ത ദുര്‍ഗ് ജില്ലാ ജയിലില്‍ തുടരുന്ന കന്യാസ്ത്രീകള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. ഛത്തീസ്ഗഡില്‍ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാല്‍ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. എഫ്‌ഐ പ്രകാരം കേസില്‍ സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതിയും സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയുമാണ്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടുത്ത് എന്നീ കുറ്റങ്ങൾ എഫ്‌ഐആറില്‍ ചുമത്തി എന്നാണ് റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide