
അന്റ്നാനരിവോ: നേപ്പാൾ മാതൃകയിൽ മഡഗാസ്‌കറിലും ജെൻ- സി പ്രക്ഷോഭം. പ്രസിഡന്റ് ആൻഡ്രി രജോലിന രാജ്യം വിട്ടു. ഒക്ടോബർ 13 തിങ്കളാഴ്‌ച വെളിപ്പെടുത്താത്ത ഒരു സ്ഥലത്ത് വെച്ച് എൻ്റെ ജീവൻ സംരക്ഷിക്കാൻ സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്താൻ ഞാൻ നിർബന്ധിതനായി എന്ന് വ്യക്തമാക്കി പ്രസിഡന്റ് ആൻഡ്രി രജോലിന തന്റെ രാജ്യം വിടൽ സ്ഥിരീകരിച്ചു. പ്രക്ഷോഭകർ ദേശീയ ചാനൽ കയ്യടക്കിയതിനാൽ എഫ് ബിയിലൂടെയാണ് അറിയിച്ചത്. അതേസമയം, എങ്ങനെയാണ് മഡഗാസ്‌കർ വിട്ടതെന്നോ നിലവിലെ സ്ഥലത്തെ കുറിച്ചോ ഔദ്യോഗിക വെളിപ്പെടുത്തൽ ഉണ്ടായിട്ടില്ല.
അഴിമതിക്കെതിരെ അൻ്റനാനരിവോയിൽ യുവാക്കൾ നയിച്ച മൂന്നാഴ്‌ചത്തെ പ്രതിഷേധത്തിന് തുടർച്ചയായാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സെപ്റ്റംബർ 25 ന് ആരംഭിച്ച സർക്കാർ വിരുദ്ധ പ്രകടനങ്ങൾ തുടക്കത്തിൽ ജല, വൈദ്യുതി ക്ഷാമങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു. എന്നാൽ പിന്നീട് രാജോലിനയോടും അദ്ദേഹത്തിൻ്റെ ഭരണകൂടത്തോടുമുള്ള അതൃപ്‌തിയിലേക്ക് വളർന്നു. കാപ്സ്‌സാറ്റ് എന്നറിയപ്പെടുന്ന ഉന്നത സൈനിക യൂണിറ്റ് പ്രകടനക്കാരുടെ പക്ഷം ചേർന്ന് പ്രസിഡന്റ് ആൻഡ്രി രജോലിനയുടെയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരുടെയും രാജി ആവശ്യപ്പെടുകയായിരുന്നു.
തലസ്ഥാനമായ അൻ്റനാനരിവോ സെൻട്രൽ സ്ക്വയറിൽ വാരാന്ത്യത്തിൽ ഒത്തുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാരോടൊപ്പം CAPSAT യൂണിറ്റും ചേർന്നതോടെ മഡഗാസ്കർ സർക്കാർ അട്ടിമറിക്കപ്പെടുകയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, പ്രതിഷേധങ്ങളിൽ കുറഞ്ഞത് 22 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ആഫ്രിക്കയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന 32.4 ദശലക്ഷം ജനസംഖ്യയുള്ള ദ്വീപ് രാഷ്ട്രമാണ് മഡഗാസ്‌കർ.