ജെൻ സി പ്രക്ഷോഭം; നേപ്പാളിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു

ന്യൂഡൽഹി: ജെൻ സി പ്രക്ഷോഭത്തിൽ നേപ്പാളിലെ കാഠ്‌മണ്ഡുവിൽ പ്രതിഷേധക്കാർ തീയിട്ട ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രാജേശ് ഗോല (57) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാംവീർ സിംഗ് ഗോല (58) പരിക്കുകളോടെ രക്ഷപ്പെട്ടു. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തിൽ ദർശനം നടത്താനായി സെപ്റ്റംബർ ഏഴിനാണ് ഇവർ നേപ്പാളിൽ എത്തിയത്.

പ്രക്ഷോഭകാരികൾ സെപ്റ്റംബർ ഒമ്പതിന് രാത്രി പ്രകടനക്കാർ ഇവർ താമസിച്ച ഹയാത്ത് റീജൻസി ഹോട്ടലിന് തീയിടുകയും ഹോട്ടലിന്റെ താഴത്തെ നിലയിൽ തീ പടർന്നുപിടിച്ചതോടെ രക്ഷപ്പെടാനുള്ള വഴികളെല്ലാം അടയുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ജനക്കൂട്ടം ഹോട്ടലിലേക്ക് ഇരച്ചുകയറി തീയിട്ടു. ഹോട്ടലിന്റെ നാലാമത്തെ നിലയിലായിരുന്നു രാംവീറും ഭാര്യയും താമസിച്ചിരുന്നത്. കോണിപ്പടികളിൽ പുക നിറഞ്ഞതോടെ താമസക്കാർക്ക് അതുവഴി രക്ഷപ്പെടാൻ കഴിയാത്ത സ്ഥിതിയായി.

ഈ സമയം, രക്ഷാപ്രവർത്തകർ കെട്ടിടത്തിന്റെ താഴെ മെത്തകൾ വിരിച്ച് രാംവീറിനോടും രാജേഷിനോടും ജനലിലൂടെ താഴേക്ക് ചാടാൻ ആവശ്യപ്പെട്ടു. രാംവീർ മുറിയിലെ ജനൽച്ചില്ല് തകർത്ത്, ഷീറ്റുകൾ കൂട്ടിക്കെട്ടി അതിലൂടെ പിടിച്ച് താഴെ മെത്തയിലേക്ക് ചാടി. ഇതേരീതിയിൽ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ രാജേശ് കാൽവഴുതി പുറകിലേക്ക് മലർന്ന് തലയിടിച്ച് വീഴുകയായിരുന്നു എന്ന് ഇവരുടെ മൂത്തമകൻ വിശാലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഗുരുതരമായി പരിക്കേറ്റ രാജേശിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്തസ്രാവം മൂലം പാതിവഴിയിൽവെച്ച് തന്നെ ജീവൻ നഷ്‌ടപ്പെട്ടു. വെള്ളിയാഴ്ച‌ രാവിലെ 10:30-ഓടെ കുടുംബാംഗങ്ങൾ എത്തി രാജേശിന്റെ മൃതദേഹം ഗാസിയാബാദിലെ മാസ്റ്റർ കോളനിയിലുള്ള വസതിയിലെത്തിച്ചു. രാംവീറിൻ്റെ പരിക്കുകൾ ഗുരുതരമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

അതേസമയം, വാർത്താവിനിമയ സംവിധാനങ്ങൾ നിലച്ചത് തിരച്ചിലിന് തടസ്സമായെന്ന് മകൻ വിശാൽ പറഞ്ഞു. മാതാപിതാക്കൾ രണ്ടുദിവസം എവിടെയാണെന്ന് അറിയില്ലായിരുന്നു. ശേഷം അച്ഛനെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കണ്ടെത്തി, പക്ഷേ അമ്മ ആശുപത്രിയിൽ വെച്ച് മരിച്ചുവെന്നും ഇന്ത്യൻ എംബസിയിൽ നിന്ന് പേരിന് മാത്രമാണ് പിന്തുണ ലഭിച്ചതെന്നും വിശാൽ ആരോപിച്ചു.

More Stories from this section

family-dental
witywide