നേപ്പാളിൽ വീണ്ടും ജെൻ സി പ്രക്ഷോഭം; ഇത്തവണ പ്രതിഷേധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ, കർഫ്യൂ പ്രഖ്യാപിച്ചു

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ജെൻ സി പ്രക്ഷോഭം. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പ്രതിഷേധം. സെപ്തംബറില്‍ രാജ്യത്തെ പിടിച്ച് കുലുക്കിയ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഇപ്പോള്‍ സിമാരാ വിമാനത്താവളത്തിന് സമീപത്തായി പുതിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കമ്മ്യൂണിസ്റ്റ് നേതാക്കളെ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിക്കുകയും ഇത് സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ബാര ജില്ലയിലും സമീപ പ്രദേശങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച്ച രാത്രി എട്ട് മണി വരെ (പ്രാദേശിക സമയം) കര്‍ഫ്യൂ തുടരാനാണ് തീരുമാനം. ക്രമസമാധാനം പുന:സ്ഥാപിക്കേണ്ടതിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടിയാണ് കര്‍ഫ്യൂ. പ്രതിഷേധക്കാര്‍ സിമാരാ വിമാനത്താവളത്തില്‍ വെച്ച് ശങ്കര്‍ പൊഖാറല്‍, മഹേഷ് ബസ്‌നെറ്റ് എന്നീ നേതാക്കളെയാണ് തടയാന്‍ ശ്രമിച്ചത്. കാഠ്മണ്ഡുവില്‍ നിന്ന് സിമാരയിലേക്കാണ് ഇരു നേതാക്കളും പുറപ്പെട്ടത്.

ഇവരെ തടയുന്നതിനായി എത്തിയ ജെന്‍ സീകളും സിപിഎന്‍ – യുഎംഎല്‍ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ബുധനാഴ്ച്ച ബാര ജില്ലയില്‍ പ്രതിഷേധക്കാരും സിപിഎന്‍-യുഎംഎല്‍ പ്രവര്‍ത്തകരും റാലികള്‍ നടത്തിയിരുന്നു. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ കാരണമായി. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സംഘര്‍ഷത്തില്‍ പരിക്കുകളില്ലെന്നും നേപ്പാള്‍ പൊലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ അറിയിച്ചു.

Gen Z protests again in Nepal; this time the protest is against Communist Party workers

More Stories from this section

family-dental
witywide