
ജനീവ: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചർച്ച അവസാനിച്ചു. ഇസ്രയേൽ ആക്രമണം നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണങ്ങളെ നേരിട്ട് പിന്തുണച്ചിട്ടില്ലാത്തതിനാൽ യൂറോപ്യൻ രാജ്യങ്ങളുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുകെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
അതേ സമയം ഇസ്രയേലിൻ്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ച് നിരവധിപേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം. വെള്ളിയാഴ്ച ഇസ്രായേലിന്റെ വടക്കൻ ഭാഗത്ത് നടന്ന ഇറാനിയൻ മിസൈൽ ആക്രമണത്തിൽ 23 പേർക്ക് പരിക്കേറ്റതായി ഇസ്രയേലും അറിയിച്ചു.
അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിൽ യുറോപ്യൻ രാജ്യങ്ങൾക്ക് സഹായിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ഇതിനിടെ വടക്കൻ ഇറാനിൽ വെള്ളിയാഴ്ച 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
Geneva talks failed Iran says no nuclear talks without stopping attacks










