40 വർഷങ്ങൾക്ക് ശേഷം കാലിഫോർണിയയിലെ സാൻ ജോക്വിൻ വാലിയിൽ “ പ്രേതതടാകം” എന്നറിയപ്പെടുന്ന അപ്രതീക്ഷിതമായ ഭീമൻ തടാകം ടുലേരി വീണ്ടും പ്രത്യക്ഷപ്പെട്ടതിൽ അത്ഭുതപ്പെട്ട് ജിയോളജിസ്റ്റുകൾ. നാസ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ഈ അത്ഭുതകരമായ തിരിച്ചുവരവ് ലോകശ്രദ്ധ നേടിയത്. 2023ലെ ശക്തമായ ശീതകാല മഴയും കനത്ത മഞ്ഞുവീഴ്ചയും മൂലമാണ് പതിറ്റാണ്ടുകൾക്ക് ശേഷം ഈ തടാകം വീണ്ടും രൂപംകൊണ്ടത്.
ടുലേരി തടാകം (ടാച്ചി യോകുട്ട് ആദിവാസി സമൂഹം ‘പാ’ആഷി’ എന്ന് വിളിക്കുന്നു) ഒരുകാലത്ത് മിസിസിപ്പി നദിക്ക് പടിഞ്ഞാറുള്ള ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നായിരുന്നു. 19-ാം നൂറ്റാണ്ടിൽ കൃഷിക്കായി ഇത് ഒഴുക്കിവറ്റിച്ചതിന് ശേഷം പതിറ്റാണ്ടുകൾക്കിപ്പുറം തടാകം വീണ്ടും തിരിച്ചെത്തുകയായിരുന്നു. മുമ്പും മഴക്കാലങ്ങളിൽ തടാകം ഭാഗികമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, 2023ൽ ഉണ്ടായത് പോലെ ഇത്ര വലിയ തോതിലുള്ള തിരിച്ചുവരവ് 40 വർഷത്തിനിടയിൽ ആദ്യമായിരുന്നു.
തടാകം വീണ്ടും നിറഞ്ഞപ്പോൾ ഇത് വർഷങ്ങളോളം നിലനിൽക്കാമെന്നായിരുന്നു ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഇതോടെ ഭൂമി വെള്ളത്തിലായ കർഷകർ ആശങ്കയിലായപ്പോൾ മറ്റുചിലർ ആവേശത്തിലായി. കഴിഞ്ഞ വർഷം മാർച്ചിൽ ദി ഗാർഡിയൻ ലേഖിക തടാകം സന്ദർശിച്ചപ്പോൾ കത് പുല്ലും കട്ടിയുള്ള ചെളിയും ആയിരുന്നു. എന്നാൽ പുനരുജ്ജീവനത്തിന് ഒരു വർഷം തികയുംമുമ്പ് തന്നെ കിങ്സ് കൗണ്ടി അടിയന്തര സേവന വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം, തടാകത്തിന്റെ വിസ്തീർണ്ണം 2,625 ഏക്കറിലേക്ക് ചുരുങ്ങി. അതിനാൽ വരുംകാലത്ത് പൂർണമായി തടാകം അപ്രത്യക്ഷമാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ടുലേരി തടാകം 100 മൈലിലധികം നീളവും 30 മൈൽ വരെ വീതിയും ഉള്ളതായിരുന്നു. മിസിസിപ്പിക്ക് പടിഞ്ഞാറുള്ള ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സ് ഇതായിരുന്നുവെന്ന് നോർത്ത്‌ഈസ്റ്റേൺ സർവകലാശാലയിലെ വിവിയൻ അണ്ടർഹിൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അന്ന് തടാകത്തിൽ ഇത്രയധികം വെള്ളമുണ്ടായിരുന്നതിനാൽ, ബേക്കേഴ്‌സ്‌ഫീൽഡ് പ്രദേശത്ത് നിന്ന് ഫ്രെസ്നോവരെയും (സാൻ ജോക്വിൻ താഴ്‌വാരത്തിൻ്റെ ഹൃദയം) അവിടെ നിന്ന് സാൻ ഫ്രാൻസിസ്കോ വരെയും ഏകദേശം 300 മൈൽ ദൂരം കൃഷിസാധനങ്ങൾ കയറ്റി തടാകത്തിലൂടെ യാത്ര ചെയ്തിരുന്നുവെന്നും വിവിയൻ അണ്ടർഹിൽ പറഞ്ഞു.
മനുഷ്യനിർമ്മിത ജലസേചന പദ്ധതികളുടെ ഫലമായി, വർഷങ്ങളായി ഈ പാരമ്പര്യ തടാകങ്ങളും അവയെ ബന്ധിപ്പിച്ചിരുന്ന ജലപാതകളും അപ്രത്യക്ഷമായി. മഴയല്ല സിയാറ നെവാഡ പർവതനിരകളിൽ നിന്നുള്ള മഞ്ഞുരുകലായിരുന്നു തടാകത്തിന്റെ പ്രധാന ജലസ്രോതസ്സ്. ഇന്ന് വരണ്ട സാൻ ജോക്വിൻ താഴ്‌വരയിൽ ഒരു വൻതടാകം ഉണ്ടായിരുന്നുവെന്ന് ചിന്തിക്കാൻ പ്രയാസമാണെങ്കിലും 1800-കളിൽ ഫ്രെസ്നോ ഒരു തടാകത്തീരം ചേർന്ന പട്ടണമായിരുന്നു.
1850-കളുടെ അവസാനം മുതൽ 1860-കളുടെ തുടക്കത്തിൽ തന്നെ തടാകം വറ്റി തുടങ്ങിയിരുന്നു. ആദിവാസികളുടെ ഭൂമി കൈവശപ്പെടുത്തി സ്വകാര്യ ഉടമസ്ഥതയിലാക്കാനുള്ള കാലിഫോർണിയ സംസ്ഥാനത്തിന്റെ ആഗ്രഹമാണ് ഇതിന് പിന്നിലെന്ന് വിവിയൻ അണ്ടർഹിൽ പറഞ്ഞു.
ഏകദേശം 1890ഓടെ, തടാകം ആദ്യമായി പൂർണമായി അപ്രത്യക്ഷമായി. അതിന്റെ വെള്ളം ചുറ്റുമുള്ള വരണ്ട പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ നനയ്ക്കാൻ ഉപയോഗിച്ചു. ഇന്ന് താഴ്‌വര നൂറുകണക്കിന് ജലസേചന കനാലുകളാൽ നിറഞ്ഞിരിക്കുകയാണ്. അവയെല്ലാം ആദ്യകാലത്ത് ഈ തടാകത്തിലെ വെള്ളം കൃഷിയിടങ്ങളിലേക്ക് എത്തിക്കാനായി നിർമ്മിച്ചതായിരുന്നുവെന്നും വിവിയൻ അണ്ടർഹിൽ പറഞ്ഞു.
Geologists are surprised by the unexpected return of the giant Tulare Lake after 40 years















