
ജോർജ് ജോസഫ്
എഡിസൺ (ന്യൂജഴ്‌സി): ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ‘പയനിയർ ഇൻ ജേണലിസം’ അവാർഡ് പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോർജ് തുമ്പയിലിനു പ്രമോദ് നാരായൺ എംഎൽഎ സമ്മാനിച്ചു. ഇന്ത്യ പ്രസ് ക്ലബ്ബിന്റെ രാജ്യാന്തര കോൺഫറൻസിൽ എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, വി.കെ. ശ്രീകണ്ഠൻ, നാട്ടിൽ നിന്ന് എത്തിയ പ്രമുഖ മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് സമ്മാനിച്ചത്.

ദൃശ്യ, ശ്രാവ്യ, അച്ചടി മേഖലകളിലെല്ലാം സ്വന്തം തട്ടകമൊരുക്കി തുമ്പയിൽ ശ്രദ്ധേയനായിട്ട് 32 വർഷം പിന്നിടുകയാണ്. തൂലികയുടെ അക്ഷരത്തുമ്പിൽ നിന്നും ഇറ്റുവീണ പുസ്തകങ്ങളും നിരവധിയാണ്. മുൻപുണ്ടായിരുന്ന പ്രമുഖ വാർത്താവാരിക ‘മലയാളം പത്ര’ത്തിന്റെ നാഷനൽ കറസ്പോണ്ടന്റ്, ഇപ്പോൾ ഇ-മലയാളി സീനിയർ എഡിറ്റർ, മനോരമ ഓൺലൈൻ കറസ്പോണ്ടന്റ്, എന്നിവയ്ക്ക് പുറമെ വിവിധ സംഘടനകളുടെ മീഡിയ ലയസൺ ഓഫിസറും പബ്ലിക് റിലേഷൻസ് ഓഫിസറുമായി സേവനമനുഷ്ഠിക്കുകയാണ്.

സമയരഥമുരുളുന്ന പുണ്യഭൂമി (വിശുദ്ധനാടുകളിലേക്കുള്ള യാത്രാവിവരണം), ജന്മഭൂമിയുടെ വേരുകൾ തേടി (ഇന്ത്യൻ യാത്രാവിവരണം), ഒരു പിറന്നാളിന്റെ ഓർമ്മയ്ക്ക് (എം.ടി വാസുദേവൻ നായരെക്കുറിച്ച്), ഭൂമിക്കുമപ്പുറത്തു നിന്ന് (ചെറുകഥ സമാഹരണം), ദേശാന്തരങ്ങൾ (യാത്രാവിവരണം) ഡി സി ബുക്ക്സ് കോവിഡ് കാലത്ത് പ്രസിദ്ധീകരിച്ച മുരളി തുമ്മാരുകുടിയുടെ “കൊറോണക്കാലത്തെ വീട് എന്ന ഒരു അധ്യായമുള്ള പുസ്‌തകം എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2010 ൽ ‘ലാളിത്യത്തിന്റെ സങ്കീർണതകൾ’, 2011 ൽ ‘പരിണാമഗാഥ’, 2012/ 13ൽ ‘അപ്പോസ്തോല വഴിയിലൂടെ ഒരു തീർത്ഥയാത്ര’, 2014ൽ ‘പ്രകൃതിയുടെ നിഴലുകൾ തേടി’, 2015ൽ ‘പകൽക്കിനാവ്’, 2017ൽ ‘ലൗഡ് സ്പീക്കർ’, എന്ന പേരിലും തുടർച്ചയായി എഴുതി. ഫൈൻ ആർട്ട്സ് മലയാളം ആർട്ട്സ് ക്ലബ്ബിൻ്റെ സ്‌ഥാപക സെക്രട്ടറി, പിന്നീട് മൂന്നുതവണ സെക്രട്ടറി, രണ്ട് തവണ പ്രസിഡന്റ്, ഇപ്പോൾ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുകയും നാടകാവതരണത്തിൽ പങ്കാളിയാകുകയും ചെയ്യുന്നു. അമേരിക്കയിലും കാനഡയിലും മലേഷ്യയിലും വിവിധ സ്‌റ്റേജുകളിൽ നാടക അഭിനേതാവായി കയ്യടി നേടുകയും ചെയ്തു.

അമേരിക്കൻ മലയാളികളുടെ മാധ്യമകൂട്ടായ്മയുടെ തുടക്കം മുതൽക്കുതന്നെ ജോർജിന്റെ സഹകരണമുണ്ട്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2010-12 വർഷങ്ങളിൽ നാഷനൽ ട്രഷററായിരുന്നു. സംഘടനയുടെ ന്യൂയോർക്ക് ചാപ്റ്ററിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2008-2009 ൽ ന്യൂജഴ്സി കേരള അസോസിയേഷന്റെ മീഡിയ പബ്ലിക്കേഷൻസ് ലയസൺ ഓഫിസറായിരുന്നു. അതേവർഷം തന്നെ ന്യൂജഴ്സി എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ പിആർഒയുമായിരുന്നു. അമേരിക്കൻ ഭദ്രാസന ഇന്ത്യൻ ഓർത്തഡോക്സ് ഫാമിലി കോൺഫറൻസിന്റെയും മാധ്യമ പ്രതിനിധിയായി 2009 മുതൽ പ്രവർത്തിച്ചുവരുന്നു.

പുരസ്കാരങ്ങളും അവാർഡുകളും നിരവധി തവണ ജോർജിനെ തേടിയെത്തി. മികച്ച ന്യൂസ് റിപ്പോർട്ടിങ്ങിന് ആദ്യമായി ന്യൂജഴ്സി കേരള കൾച്ചറൽ ഫോറം 1994ൽ പുരസ്കാരം നൽകി. മികച്ച അന്വേഷണാത്മക പത്രപ്രവർത്തനത്തിന് ഫൊക്കാനയുടെ പുരസ്കാരം1994ലും 1996ലും ലഭിച്ചിട്ടുണ്ട്. മികച്ച വികസനാത്മക റിപ്പോർട്ടിനുള്ള പുരസ്കാരവും ഈ വർഷങ്ങളിൽ ഫൊക്കാനയിൽ നിന്നും ലഭിച്ചു. ‘ഈ മലയാളി’ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ക്രിസ്‌ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ മികച്ച പെർഫോമൻസിനുള്ള 2003ലെ പുരസ്കാരമാണ് ശ്രദ്ധേയമായ മറ്റൊന്ന്. പുറമേ ഇന്ത്യ കാത്തലിക് അസോസിയേഷന്റെ മികച്ച ലേഖനത്തിനുള്ള അവാർഡും ആ വർഷം തന്നെ ലഭിച്ചത് നേട്ടമായി. തുടർന്ന് ഇതേ പുരസ്‌കാരം 2004ൽ ഫൊക്കാനയിൽ നിന്നും ലഭിച്ചു. ഫോമ, നാമം എന്നീ സംഘടനകളും പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

2006 ൽ അമേരിക്കൻ മലയാളികൾക്കിടയിലെ സാഹിത്യസംഭാവനകൾക്ക് ഫൊക്കാനയിൽ നിന്നുള്ള പുരസ്ക്‌കാരം ഏറ്റുവാങ്ങി. രണ്ട് തവണ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ ജനറൽ സെക്രട്ടറിയായി റവ .ഡോ . വർഗീസ് എം ഡാനിയേലിനോടൊപ്പവും പ്രവർത്തിച്ചു. മൗണ്ട് ഒലിവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ കൈക്കാരൻ ആയി രണ്ട് തവണ, സെക്രട്ടറി ആയി ആറ് തവണയും (ഇത്തവണയും സെക്രട്ടറി) സേവനമനുഷ്ഠിച്ചു.

2008ൽ മികച്ച ലേഖനങ്ങൾക്കും മികച്ച മ്യൂസിക്കൽ ആൽബത്തിനും ഫോമ അവാർഡുകൾ നൽകി ആദരിച്ചു. യാത്രാനുഭവങ്ങൾ തേടി ഓസ്ട്രേലിയ, ന്യൂസീലൻഡ്, ബ്രസീൽ, സിംഗപ്പൂർ, മലേഷ്യ, ജർമനി, നെതർലൻഡ്‌സ്, ബെൽജിയം, ടർക്കി, ഗ്രീസ്, ഇസ്രയേൽ, ഇറ്റലി, വത്തിക്കാൻ, ജോർദാൻ, ഈജിപ്ത്, കോസ്റ്റാറിക്കാ, യുഎഇ, കുവൈത്ത്, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ജമൈക്ക, മെക്സിക്കോ, ഗ്വാട്ടിമാല, പാനമ, എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഏറെക്കാലം സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്നതു കൊണ്ട് ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനായി. കേരള ഗവൺമെന്റ്, ഇന്ത്യൻ ടൂറിസം ഡിപ്പാർട്ട്മെന്റ് എന്നിവരുടെ പ്രത്യേക ക്ഷണിതാവായി ഇന്ത്യ ഒട്ടാകെ സന്ദർശിച്ചു.
നാലായിരത്തിലേറെ പേർ ജോലി ചെയ്യുന്ന ന്യൂവാർക്ക് ബെത്ത് ഇസ്രയേൽ മെഡിക്കൽ സെന്ററിലെ എംപ്ലോയ് ഓഫ് ദി മംത്, കോർവാല്യു അവാർഡ് ജേതാവ്, ഡിപ്പാർട്ട്മെന്റ് വിഷണറി അവാർഡ് ജേതാവ് മാനേജർ ഓഫ് ദി മംത് ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റെസ്‌പിറേറ്ററി ഡിപ്പാർട്ട്മെന്റിലെ അസിസ്‌റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച് കഴിഞ്ഞ വർഷം റിട്ടയർ ചെയ്തു.
ബെർഗൻ കൗണ്ടി കമ്യൂണിറ്റി കോളജിൽ 16 വർഷം അഡ്‌ജങ്ക്റ്റ് ഫാക്കൽറ്റി അംഗവുമായിരുന്നു. ബെർഗൻ കമ്യൂണിറ്റി കോളജ്, മോറിസ് കൗണ്ടി കോളജ് എന്നിവിടങ്ങളിൽ അഡ്വൈസറി ബോർഡ് അംഗവുമായിരുന്നു. ഭാര്യ ഇന്ദിര ന്യൂവാർക്ക് ബെത്ത് ഇസ്രയേൽ മെഡിക്കൽ സെന്ററിൽ നഴ്സ് പ്രാക്ടീഷണർ ആയി റിട്ടയർ ചെയ്തു. മകൻ ബ്രയൻ ഷിക്കാഗോയിൽ എൻജിനീയർ. മകൾ ഷെറിൻ ഫിസിഷ്യനും കനക്‌ടികട്ട് യേൽ സ്കൂൾ ഓഫ് മെഡിസിനിൽ അസി. പ്രഫസറും റെസ്‌പിറേറ്ററി സ്ലീപ് മെഡിസിൻ ഉപമേധാവിയുമാണ്. മരുമകൻ ജയ്സൺ അക്കൗണ്ടന്റ്. രണ്ട് കൊച്ചുമക്കളുമുണ്ട്.