
ഡൽഹി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാല് തവണ ഫോണിൽ വിളിച്ചെങ്കിലും മോദി കോളുകൾ നിരസിക്കുകയും സംസാരിക്കാൻ വിസമ്മതിക്കുകയും ചെയ്തതായി റിപ്പോർട്ട്. ജർമ്മൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമായ സാഹചര്യത്തിൽ, റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതിനെ ചൊല്ലി ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നിലപാട്. ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ നാളെ രാവിലെ മുതൽ പ്രാബല്യത്തിൽ വരും.
ജൂൺ 17നാണ് മോദിയും ട്രംപും അവസാനമായി ഫോണിൽ സംസാരിച്ചത്, ഏകദേശം 35 മിനിറ്റ് നീണ്ട സംഭാഷണം ട്രംപിന്റെ അഭ്യർഥന പ്രകാരമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ സംഭാഷണമായതിനാൽ, ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ചാണ് ഇരുവരും പ്രധാനമായും ചർച്ച ചെയ്തത്. എന്നാൽ, അതിന് ശേഷം ഇരു നേതാക്കളും തമ്മിൽ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് സൂചന.
ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ യാഥാർത്ഥ്യമാകുന്നു. ഇത് വ്യക്തമാക്കി അമേരിക്ക ഇന്ത്യക്ക് നോട്ടീസ് നൽകി. 25 ശതമാനം അധിക തീരുവ ഉൾപ്പെടെ മൊത്തം 50 ശതമാനം തീരുവ ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തിൽ വരുമെന്ന് യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസിലൂടെ അറിയിച്ചത്. റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുവ വർധനയെന്ന് നോട്ടീസിൽ പറയുന്നു. ഈ നടപടിക്ക് പ്രതികാരമായി യു.എസ്. ഉൽപ്പന്നങ്ങൾക്ക് മേൽ പ്രതികാര തീരുവകൾ ഏർപ്പെടുത്താൻ ഇന്ത്യ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.