ഘാന ഹെലികോപ്റ്റർ അപകടം: മരിച്ചത് പ്രതിരോധ മന്ത്രിയും ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രിയുമുള്‍പ്പെടെ എട്ടുപേർ

അക്ര: ഘാനയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രതിരോധ മന്ത്രി എഡ്‌വാര്‍ഡ് ഒമാനെ ബൊആമയും ശാസ്ത്ര സാങ്കേതിക, പരിസ്ഥിതി വകുപ്പ് മന്ത്രി ഇബ്രാഹിം മുര്‍തല മുഹമ്മദും ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. ഘാനയുടെ തലസ്ഥാനമായ അക്രയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 9.12-ന് പറന്നുയര്‍ന്ന സൈനിക ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

അനധികൃത ഖനനം തടയുന്നത് സംബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കാനായി ഒബുവാസി പട്ടത്തിലേക്ക് പോവുകയായിരുന്നു മന്ത്രിമാരും സംഘവും.ഘാനയുടെ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി കോര്‍ഡിനേറ്ററും മുന്‍ കൃഷി മന്ത്രിയുമായ അല്‍ഹാജി മുനിരു മൊഹമ്മദ്, നാഷണല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സാമുവല്‍ സര്‍പോങ്ങ്, ക്രൂ അംഗങ്ങളായ പീറ്റര്‍ ബഫമെി അനല, മനിന്‍ ത്വും അംപദു, ഏര്‍ണെസ്റ്റ് അഡ്ഡോ മെന്‍സാഹ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ.

അപകടത്തിന്റെ കാരണം അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചീഫ് ഓഫ് സ്റ്റാഫ് ജൂലിയസ് ഡെബ്രാഹ് അപകടത്തെ ദേശീയ ദുരന്തമെന്ന് വിശേഷിപ്പിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും അദ്ദേഹം നിര്‍ദേശം നല്‍കി. പ്രസിഡന്റ് ജോണ്‍ ദ്രമാനി മഹാമയ്ക്കും സര്‍ക്കാരിനും വേണ്ടി മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ജൂലിയസ് ഡെബ്രാഹ് കൂട്ടിച്ചേര്‍ത്തു. കത്തിക്കരഞ്ഞ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

More Stories from this section

family-dental
witywide