കാലിഫോർണിയ: കാലിഫോർണിയയിലെ ലോസ് പാഡ്രസ് ദേശീയ വനത്തിൽ വൻ കാട്ടുതീ. ഇതിനോടകം തീരദേശമായ സാന്റാ ബാർബറ, സാൻ ലൂയിസ് ഒബിസ്പോ കൗണ്ടികളിലായി 129 ചതുരശ്ര മൈലിലധികം (334 ചതുരശ്ര കിലോമീറ്റർ) സ്ഥലത്ത് വ്യാപിച്ചു കഴിഞ്ഞു. ‘ഗിഫോർഡ് ഫയർ’ എന്ന് പേരിട്ട കാട്ടുതീ പ്രദേശത്ത് വൻ നാശനഷ്ടങ്ങൾ ആണ് വരുത്തിയിരിക്കുന്നത്.
തീയുടെ കനത്ത പുക കാരണം സമീപ പ്രദേശങ്ങളിൽ വായു മലിനീകരണം രൂക്ഷമായി.അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായും 800-ൽ അധികം കെട്ടിടങ്ങൾ കാട്ടു തീ ഭീഷണിയിലാണെന്നും അധികൃതർ അറിയിച്ചു. ഉഷ്ണവും വരണ്ട കാലാവസ്‌ഥയും ശക്തമായ കാറ്റും കാരണം തീ നിയന്ത്രണാതീതമായി പല ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. 1900-ലധികം അഗ്നിശമന സേനാംഗങ്ങളും ഹെലികോപ്റ്ററുകളും വിമാനങ്ങളും തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ദുർഘടമായ ഭൂപ്രദേശങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്.
അഗ്നിശമന സേനാംഗങ്ങളെ സഹായിക്കാൻ എത്തിയ രണ്ട് കരാറുകാർക്ക് അവരുടെ വാഹനം മറിഞ്ഞ് പരുക്കേറ്റു. വീടിനുള്ളിൽത്തന്നെ കഴിയാനും ജനലുകൾ അടച്ചിടാനും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കർഷകർ കന്നുകാലികളെയും മറ്റു സുരക്ഷ സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. സാൻ്റാ മരിയ നഗരത്തിന് കിഴക്കുള്ള ഹൈവേ അടച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല, അന്വേഷണം പുരോഗമിക്കുകയാണ്















